Wednesday, December 26, 2018

ട്രെയിന്‍ യാത്രയില്‍ നിസ്കാരം എങ്ങിനെ ആണ് നിര്‍വഹിക്കുക? ഓടി ക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ വെച്ച് നിസ്കരിക്കാന്‍ പറ്റുമോ❓

■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ട്രെയിന്‍ യാത്രയില്‍ ഇന്ന് പലപ്പോഴും നിസ്കരിക്കേണ്ടിവരും. യാത്രക്കാരന്‍റെ നിസ്കാരത്തിലാണെങ്കിലും ഫര്‍ള് നിസ്കാരത്തില്‍ ഖിബലക്ക് തിരിഞ്ഞ് തന്നെ വേണമെന്നാണ് നിയമം. ട്രെയിന്‍ യാത്രയില്‍, വണ്ടി സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ പുറത്തിറങ്ങി നിസ്കരിക്കാന്‍ പലപ്പോഴും സൌകര്യപ്പെടാറുണ്ട്. അങ്ങനെ സൌകര്യപ്പെടുമെങ്കില്‍ അങ്ങനെത്തന്നെ ചെയ്യേണ്ടതാണ്. നിസ്കരിച്ചുകഴിയുമ്പോഴേക്ക് ട്രെയിന്‍ പോകുമെന്നോ സാധനങ്ങള്‍ നഷ്ടപ്പെടുമെന്നോ ഒക്കെ ഭയക്കുന്ന സാഹചര്യത്തിലും വണ്ടി നിര്‍ത്തുന്ന സമയത്ത്  ഖിബല ഏത് ദിശയിലാണെന്ന് മനസ്സിലാക്കി അകത്ത് വെച്ചും നിസ്കരിക്കാവുന്നതാല്ലോ. അതിനും സൌകര്യപ്പെടാതിരിക്കുകയും നിസ്കാരം ഖളാഅ് ആകുമെന്നും വരുന്ന സാഹചര്യത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് നിസ്കരിക്കാവുന്നതാണ്. ഇങ്ങനെ നിസ്കരിക്കുമ്പോള്‍ ഖിബലയില്‍നിന്ന് തെറ്റാനുള്ള സാധ്യത കൂടുതലാണ്. ഖിബല കൃത്യമായിട്ടുണ്ട് എന്ന് ധാരണയില്ലാത്ത സാഹചര്യത്തില്‍ ആ നിസ്കാരം പിന്നീട് മടക്കി നിസ്കരിക്കേണ്ടതാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
സുപ്പോസിടോരി (മല ദ്വാരത്തില്‍ വെക്കുന്ന മരുന്ന്) വെക്കുമ്പോള്‍ വിരല്‍ അകത്തുപോയാല്‍ കുളി നിര്‍ബന്ധമാകുമോ❓

□□□□□□□□□□□□□□□□□□□□□□□□□□□□□□□□□□
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

 ഇല്ല, മലദ്വാരത്തിലോ മുന്‍ദ്വാരത്തിലോ വിരല്‍ പോയത് കൊണ്ട് കുളി നിര്‍ബന്ധമാവില്ല. കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങളില്‍ അത് പെടുന്നതല്ല. ഇന്ദ്രിയം പുറപ്പെടല്‍, ഗുഹ്യസ്ഥാനത്ത് ഹശ്ഫ പ്രവേശിക്കല്‍, ഹൈള് രക്തം മുറിയല്‍, നിഫാസ് രക്തം മുറിയല്‍, പ്രസവം എന്നിവയാണ് കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍.. രക്തസാക്ഷിത്വമല്ലാത്ത മരണവും കുളി നിര്‍ബന്ധമാവുന്ന കാരണമാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

പാര്‍ട്ണര്‍ഷിപ്പായി രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് ഒരു സ്ഥാപനം തുടങ്ങിയാല്‍ വാര്‍ഷിക സകാത്തിന്റെ വിധി എന്താണ് ? സ്ഥാപനത്തിന്റെ ലാഭ വിഹിതത്തില്‍ നിന്നോ?അതോ വ്യക്തിപരമായാണോ സകാത്ത് നിര്‍ബന്ധമാവുക ?

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

 പാര്‍ട്ണര്‍ഷിപ്പായുള്ള കച്ചവടവും ഒരു വ്യക്തിയുടെ കച്ചവടവും സകാതിന്റെ വിഷയത്തില്‍ സമമാണ്. വര്‍ഷാവസാനം കണക്കെടുത്ത് ആകെയുള്ളതിന്റെ മൂല്യം നിശ്ചിത കണക്കെത്തുന്നുവെങ്കില്‍ സകാത് നല്‍കണം. സകാത് നിര്‍ബന്ധമാവുന്നത് കച്ചവടത്തിനാകയാല്‍ മറ്റു പാര്‍ട്ണര്‍മാരുടെ അനുവാദമില്ലെങ്കില്‍പോലും നടത്തിപ്പുകാരന് സകാത് നല്‍കാവുന്നതാണ്. ഓരോരുത്തരെയും കച്ചവടമൂല്യവിഹിതം അറിയിച്ച് അവരോട് അതിന്റെ സകാത് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. ലാഭം വീതം വെച്ചു പങ്കാളികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ കണക്കും വര്‍ഷവും നോക്കി അവര്‍ ഓരോരുത്തരും സകാത് നല്‍കേണ്ടതാണ്. പാര്‍ട്ണര്‍ഷിപ്പില്‍ ഒന്നോ അതിലധികമോ പാര്‍ട്ണര്‍മാര്‍ അമുസ്‌ലിംകളാണെങ്കിലും ഇത് തന്നെയാണ് നിയം. അഥവാ, 50,000 രൂപ മുല്യമുള്ള കച്ചവടത്തില്‍ 5പാര്‍ട്ണര്‍മാരുണ്ടെന്നും അതില്‍ രണ്ട് പേര്‍ അമുസ്‌ലിംകളാണെന്നും സങ്കല്‍പിക്കുക. മുസ്‌ലിംകളായ പാര്‍ട്ണര്‍മാരുടെ വിഹിതം 30,000 ആണെങ്കില്‍പോലും, ആകെ കച്ചവടത്തിന്റെ മൂല്യം 50,000 ഉള്ളതിനാല്‍ സകാത് നല്‍കേണ്ടതാണ്. പക്ഷേ, മുസ്‌ലിംകളായ പാര്‍ട്ണര്‍മാരുടെ വിഹിതത്തിന് മാത്രമേ നല്‍കേണ്ടതുള്ളൂ. അഥവാ, ഈ ഉദാഹരണത്തില്‍ 30,000ന്റെ രണ്ടര ശതമാനമാണ് നല്‍കേണ്ടതാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
പള്ളിയിലെ ഔദ്യോഗിക ജമാത് കഴിഞ്ഞാല്‍ പിന്നീട് വരുന്നവര്‍ നടത്തുന്ന ജമാത് നിസ്കാരത്തിനു യഥാര്‍ത്ഥ ജമാതിന്റെ കൂലി കിട്ടുമോ? ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനെക്കാള്‍ നല്ലതാണോ ആ ജമാഅത്തില്‍ ചേരല്‍❓

★★★★★★★★★★★★★★★★★★★★★★★
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഏതൊരു ജമാഅതിനും അതിന്റേതായ കൂലിയുണ്ട്. ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഉത്തമമാണ് ജമാഅതായി നിസ്കരിക്കല്‍. ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്നത് ഏതിനാണോ ആ ജമാഅതിനാണ് കൂടുതല്‍ പ്രതിഫലം ലഭിക്കുക എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാം. ഏതൊരു പള്ളിയിലെയും ഔദ്യോഗിക ജമാഅത് ആദ്യസമയത്തും കൂടുതല്‍ പേരുള്ളതും ആകുമെന്നതിനാല്‍ അത് തന്നെയാണ് കൂടുതല്‍ പ്രതിഫലത്തിനര്‍ഹമാവുക. ഏറെ സൂക്ഷമതയുള്ള മുന്‍കാലപണ്ഡിതരില്‍ പലരും വല്ല കാരണത്താലും ഔദ്യോഗിക ജമാഅത് കഴിഞ്ഞ ശേഷം പള്ളിയിലെത്തുകയും വേറെ ജമാഅത് ആളില്ലാതിരിക്കുകയും ചെയ്താല്‍ ഒരിക്കല്‍ നിസ്കാരം നിര്‍വ്വഹിച്ച ഏതെങ്കിലും ഒരാളെ വിളിച്ച് തനിക്ക് മഅ്മൂമായി നിസ്കരിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നെന്ന് അവരുടെ ചരിത്രത്തില്‍ കാണാവുന്നതാണ്. ജമാഅതിന്റെ പ്രാധാന്യമാണ് ഇതില്‍നിന്നൊക്കെ മനസ്സിലാവുന്നത്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Tuesday, December 25, 2018

മനിയ്യും വദിയും എങ്ങനെയാണ് തിരിച്ചറിയുക? അത് കൊണ്ട് കുളി നിര്‍ബന്ധമാവുമോ?
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
നിയ്യ്, മദിയ്, വദിയ് എന്നിങ്ങനെ മൂന്ന് തരം സ്രവങ്ങളാണ് ഉള്ളത്. ഇതില്‍ മദിയ്യും വദിയും നജസുകളുടെ കൂട്ടത്തില്‍ പെടുന്നവയാണ്. അവ സ്രവിക്കുന്നതിലൂടെ വുളു മുറിയുന്നതാണ്, കുളി നിര്‍ബന്ധമാവുകയില്ല. നജസ് ആയ ഭാഗം കഴുകേണ്ടതാണ്. മനിയ്യ് നജസല്ല, അത് സ്രവിക്കുന്നതിലൂടെ വുദു മുറിയുകയില്ല, എന്നാല്‍ കുളി നിര്‍ബന്ധമാണ്. 
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Wednesday, December 12, 2018

സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് ഹറാമാണോ? നബി (സ)യുടെ കാലത്ത് പോയിരുന്നില്ലേ❓

🔹🔹••••••┈•✿❁✿•┈••••••🔹🔹

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഇക്കാര്യത്തില്‍ ആദ്യമായി നാം മനസ്സിലാക്കേണ്ടത്, സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതില്‍ തര്‍ക്കമില്ലെന്നും മറിച്ച് ജുമുഅ ജമാഅതില്‍ പങ്കെടുക്കുന്നതിലാണ് തര്‍ക്കമെന്നുമാണ്. നബി(സ)യുടെ കാലത്ത് സ്ത്രീകള്‍ ജമാഅതുകളില്‍ പങ്കെടുത്തതായും അവര്‍ സമ്മതം ചോദിച്ചാല്‍ തടയരുതെന്ന് പറഞ്ഞതായും ചില ഹദീസുകളില്‍ കാണാം. എന്നാല്‍ അതേ ഹദീസുകളിലെ ചില രിവായതുകളില്‍ വീടുകളാണ് അവര്‍ക്ക് ഉത്തമമെന്ന് വ്യക്തമായി വന്നതായും കാണാം. അതോടൊപ്പം പള്ളിയില്‍ വന്ന് നബിയോടൊപ്പം ജമാഅതായി നിസ്കരിക്കാന്‍ പ്രവാചകരോട് ഉമ്മുഹുമൈദിസ്സാഇദിയ്യ(റ) സമ്മതം തേടിയ ഹദീസും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. പ്രവാചകര്‍ അവരോട് പറഞ്ഞു, നിന്‍റെ വീടിന്റെ ഏറ്റവും ഉള്ളിലെ അറയില്‍ നിസ്കരിക്കുന്നതാണ് നിന്‍റെ റൂമില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം, നിന്‍റെ റൂമില്‍ നിസ്കരിക്കുന്നതാണ് വീട്ടില്‍ (മറ്റുറൂമുകളില്‍) നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം, വീട്ടില്‍ നിസ്കരിക്കുന്നതാണ് നിന്റെ കുടുംബപള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം, കുടുംബപള്ളിയില്‍ നിസ്കരിക്കുന്നതാണ്, എന്റെ കൂടെ ഈ പള്ളിയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം (ഇമാം അഹ്മദ്, ത്വബ്റാനി). ചുരുക്കത്തില്‍ പ്രവാചകരുടെ കാലത്ത് ചില സ്ത്രീകള്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നെങ്കിലും അത് ഉത്തമമല്ലായിരുന്നുവെന്നും നിരുല്‍സാഹപ്പെട്ടുത്തപ്പെട്ടിരുന്നുവെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം. പിന്നീട് സമൂഹത്തിന്റെ മാനസികൌന്നത്യത്തിന് മാറ്റം വരുകയും പോക്കിലും വരവിലും ഹറാമുകള്‍ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും വിധം സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി പോവുകയും ചെയ്തപ്പോള്‍ ആഇശ ബീവി(റ) പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്, സ്ത്രീകള്‍ ഇന്ന് ചെയ്തുകൂട്ടുന്നത് കണ്ടിരുന്നെങ്കില്‍ ബനൂ ഇസ്റാഈലിലെ സ്ത്രീകള്‍ക്ക് പള്ളി വിലക്കിയ പോലെ പ്രവാചകരും വിലക്കുമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍, ഭൌതിക സാഹചര്യങ്ങള്‍ മാറിവരുന്നതിനനുസരിച്ച് കര്‍മ്മങ്ങളുടെ വിധികളും മാറിവരുമെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അതനുസരിച്ചാണ് ഇക്കാലത്ത് ഇത്തരം നിഷിദ്ധ കാര്യങ്ങളുണ്ടാവാനുള്ള സാധ്യത ഉറപ്പാണെന്നതിനാല്‍ സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് നിഷിദ്ധമാണെന്ന് പല പണ്ഡിതരും പറയുന്നത്. ശാഫീ മദ്ഹബിന്‍റെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്നുഹജര്‍ (റ) തന്റെ ഫതാവാ എന്ന ഗ്രന്ഥത്തില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹറമുകളിലെ ഇമാമുമാര്‍ ഇടക്കിടെ ഇക്കാര്യം ഖുതുബകളിലും പ്രസ്താവനകളിലുമായി തുറന്ന് പറഞ്ഞ് സ്ത്രീകള്‍ ഹറമുകളിലേക്ക് വരുന്നത് തന്നെ പരമാവധി നിരുല്‍സാഹപ്പെടുത്താറുമുണ്ട്. പ്രവാചകരുടെ നിരുല്‍സാഹനങ്ങളിലൂടെയും ആഇശ(റ) അടക്കമുള്ള ശേഷം വന്ന പണ്ഡിതരുടെ ഇടപെടലുകളിലൂടെയും സ്ത്രീകള് പള്ളിയില്‍ പോകുന്നത് ഭൂരിഭാഗ ഇടങ്ങളിലും ഇല്ലാതായി എന്നതാണ് സത്യം. അത് വീണ്ടും പ്രോല്‍സാഹിപ്പിച്ച് തിരിച്ചുകൊണ്ടുവരേണ്ടതല്ലെന്ന് എല്ലാ പണ്ഡിതരും അംഗീകരിക്കുന്നതാണ്. ചിലരെങ്കിലും ഇതിനെ ആരാധനാ സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ-പുരുഷ സമത്വത്തിന്‍റെയും ഭാഗമായി തെറ്റിദ്ധരിച്ചോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരാധന പ്രതിഫലം ലഭിക്കാനുള്ളതാണ്. അതിലെ സ്ഥലപുണ്യവും സമയപുണ്യവുമെല്ലാം തീരുമാനിക്കുന്നത് പ്രതിഫലം നല്‍കുന്ന സ്രഷ്ടാവാണ്. അതില്‍ സമത്വത്തിന്റെയോ സ്വാതന്ത്ര്യത്തിന്റെയോ ഘടകങ്ങള്‍ ചികയുന്നത് ശരിയല്ല തന്നെ.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
,

തറാവീഹ് നബി (സ) ഇരുപത് റക്അത്ത്‌ നിസ്കരിച്ചതിനു വല്ല തെളിവുകളുമുണ്ടോ?



بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 തറാവീഹ് നിസ്കാരം പ്രവാചകര്‍ (സ) എത്ര റക്അതാണ് നിസ്കരിച്ചതെന്നതില്‍ വ്യക്തമായി ഒന്നും വന്നിട്ടില്ല. എന്നാല്‍ രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്ത് ഒരു ഇമാമിന്റെ പിന്നിലായി ഇരുപത് റക്അത് നിസ്കാരം തുടങ്ങിയെന്നത് ചരിത്രത്തില്‍ സര്‍വ്വാംഗീകൃതമാണ്. പ്രവാചകചര്യക്ക് വിരുദ്ധമായതൊന്നും ചെയ്യാത്ത ഉമര്‍(റ)വും മറ്റു സ്വഹാബാക്കളും ഇങ്ങനെ ചെയ്തതില്‍നിന്ന് അത് തന്നെയായിരുന്നു പ്രവാചകചര്യയും എന്ന് ന്യായമായും മനസ്സിലാക്കാം. നാല് മദ്ഹബിന്റെ ഇമാമുകളും ഭുരിഭാഗ പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. രണ്ട്  ഹറമുകളിലടക്കം ലോകത്തെ ഭൂരിഭാഗമുസ്ലിംകളും ചെയ്തുപോരുന്നതും ഇങ്ങനെ തന്നെയാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Monday, December 10, 2018

വിഗ് വെക്കല്‍ ഇന്ന് സര്‍വ്വസാധാരണമാണ്. അതിന്റെ വിധി എന്താണ്?

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഇന്ന് സര്‍വ്വ സാധാരണയായി ഉപയോഗിക്കപ്പെടുന്നതാണിത്. മുടിയില്ലാത്ത ഭാഗത്ത് ഫൈബര്‍, പ്ളാസ്റ്റിക് പോലോത്ത സിന്തെറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിച്ച മുടി പോലോത്ത നാരുകള്‍ പതിപ്പിച്ച ക്ലിപ്പുകള്‍ ഘടിപ്പിക്കുന്നതാണ് ഈ വിദ്യ. ആവശ്യാനുസരണം തലയില്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്നതാണിതിന്റെ പ്രത്യേകത. കഷണ്ടി ഒരു ന്യൂനതയും രോഗവുമാണ്. മുടി വളരുന്നതിന് സഹായകമായ ഡി.എച്ച്.ടി ഹോര്‍മോണിന്റെ കുറവാണ് കഷണ്ടിയുടെ ഹേതു. ന്യൂനത മറച്ചുവെക്കുന്നതിന് ശരീഅത്തില്‍ വിലക്കൊന്നുമില്ല. കഷണ്ടിയെന്ന ന്യൂനത മറച്ചുവെക്കല്‍ തന്നെയാണല്ലോ ഈ പ്രക്രിയയിലും നടക്കുന്നത്. ഭംഗിക്ക് വേണ്ടി മുടികൂട്ടിച്ചേര്‍ക്കുന്നവരെയും പച്ചകുത്തുന്നവരെയും പല്ല് രാകുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം നവവി തങ്ങള്‍ പറയുന്നു: ഭംഗിക്ക് വേണ്ടി ചെയ്യുന്നത് മാത്രമാണ് ഇസ്ലാമില്‍ നിഷിദ്ധമായത്. ചികിത്സക്ക് വേണ്ടിയോ പല്ലിലോ മറ്റോ ഉള്ള ന്യൂനത ഒഴിവാക്കാനോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ അതിന് കുഴപ്പമൊന്നുമില്ല.(ശറഹ് മുസ്‌ലിം) ഉപയോഗിക്കുന്ന വിഗുകളില്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഉപയോഗിക്കപ്പെട്ട വസ്തു മറ്റൊരു മനുഷ്യന്റെ മുടിയോ ചത്ത മൃഗങ്ങളുടെ രോമമോ ആയിരിക്കരുത്. കുളി, വുളൂ തുടങ്ങിയ നിര്‍ബന്ധശുചീകരണ വേളകളില്‍ നിര്‍ബന്ധമായ ഭാഗത്തേക്ക് വെള്ളം ചേരാനായി ഇത് മാറ്റിവെക്കേണ്ടതാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Saturday, December 8, 2018

പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നാല്‍ ജുമുഅ നിര്‍ബന്ധമുണ്ടോ?

  🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ളതാണ് ഇക്കാര്യവും. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു, (പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചുവന്നപ്പോള്‍) പ്രവാചകര്‍ (സ) പറഞ്ഞു, നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ട് പെരുന്നാള്‍ ഒരുമിച്ചുവന്നിരിക്കുന്നു. വേണ്ടവര്‍ക്ക് ജുമുഅ നിര്‍വ്വഹിക്കാതെ പെരുന്നാള്‍ ജുമുഅ കൊണ്ട് തന്നെ മതിയാക്കാം, ഞങ്ങള്‍ ജുമുഅ നിര്‍വ്വഹിക്കുന്നതായിരിക്കും (അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി). സമാനമായ പല ഹദീസുകളും കാണാവുന്നതാണ്. എന്നാല്‍ അവയില്‍ സാധ്യമായ വിവിധ വ്യാഖ്യാനങ്ങളെ അടിസ്ഥാനമാക്കി പ്രധാനമായും മൂന്ന് അഭിപ്രായമാണ് പണ്ഡിതര്‍ക്കിടയില്‍ ഇവ്വിഷയകമായി ഉള്ളത്. സാധാരണ പോലെ ജുമുഅ നിസ്കാരം നിര്‍ബന്ധമാണെന്നാണ് പല പണ്ഡിതരും പറയുന്നത്. പെരുന്നാള്‍ നിസ്കാരം ജമാഅതായി നിര്‍വ്വഹിച്ചവന്ന് ജുമുഅ നിര്‍ബന്ധമില്ല എന്നതാണ് മറ്റൊരു അഭിപ്രായം. ജുമുഅത് പള്ളിയില്‍നിന്ന് ദൂരെ താമസിക്കുന്ന യാത്ര പ്രയാസകരമാവുന്നവര്‍ക്ക് ജുമുഅക്ക് ഇളവുണ്ടെന്നാണ് മൂന്നാമത്തെ പക്ഷം. ഉസ്മാന്‍ (റ)വിന്റെ ഭരണകാലത്ത് അദ്ദേഹം ഇങ്ങനെ വിധി പുറപ്പെടുവിച്ചതായി ചരിത്രത്തില്‍ കാണാം. ശാഫിഈ മദ്ഹബിന്റെ അഭിപ്രായം ഇതാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഫാതിഹ ഓതേണ്ടതു എപ്പോള്‍? ഇമാമിന്‍റെ കൂടെ ഒതാമോ? ഇമാമിന്റെ ഫാതിഹ കേട്ടാല്‍ നിസ്കാരം ശരിയാകുമോ? യാത്രയില്‍ ജംഉം കസ്റും ഒന്നു വിശദീകരിക്കാമോ?

   🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ജമാഅതായി നിസ്കരിക്കുമ്പോള്‍ ഇമാം ഫാതിഹ ഓതുമ്പോള്‍ അത് കേള്‍ക്കലാണ് മഅ്മൂമിന് സുന്നത്. ശേഷം ഇമാം സൂറത് ഓതുമ്പോള്‍ മഅമൂം ഫാതിഹ ഓതുക. മഅ്മൂമിന് സൂറത് ഓതല്‍ സുന്നതില്ല, ഫാതിഹ ഓതിക്കഴിഞ്ഞാല്‍ പിന്നെ ഇമാം സൂറത് ഓതുന്നത് കേള്‍ക്കലാണ് സുന്നത്.  ഫാതിഹ ഓതാന്‍ സമയം ലഭിക്കാത്ത മസ്ബൂഖ് ആയ മഅ്മൂമിന് ഇമാമിന്റെ ഫാതിഹ തന്നെ മതി. 133 കിലോമീറ്ററോ അധികമോ ദൂരം വരുന്ന യാത്രകളിലാണ് ജംഉം ഖസ്റും അനുവദിക്കപ്പെടുന്നത്. നാല് റക്അതുള്ള നിസ്കാരങ്ങള്‍ രണ്ട് റക്അതായി ചുരുക്കി നിസ്കരിക്കുന്നതിനെയാണ് ഖസ്റ് എന്ന് പറയുന്നത്. രണ്ട് നിസ്കാരങ്ങളില്‍ ഒന്നിച്ച് ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിസ്കരിക്കുന്നതിനെയാണ് ജംഅ് എന്ന് പറയുന്നത്. ളുഹ്റ് അസ്റ് എന്നിവ പരസ്പരവും മഗ്രിബ് ഇശാ എന്നിവ പരസ്പരവും ഇങ്ങനെ ജംഅ് ചെയ്യാവുന്നതാണ്. ആദ്യനിസ്കാരത്തിന്റെ സമയത്ത് ആണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ അതിനെ മുന്തിച്ച ജംഅ് എന്നും രണ്ടാമത്തേതിന്റെ സമയത്താണ് നിര്‍വ്വഹിക്കുന്നതെങ്കില്‍ പിന്തിച്ചജംഅ് എന്നും പറയുന്നു. മുന്തിച്ച് ജംഅ് ആക്കുമ്പോള്‍ ആദ്യനിസ്കാരം പൂര്‍ത്തിയാവുന്നതിന് മുമ്പായി രണ്ടാമത്തേതിനെ ജംഅ് ആക്കി നിസ്കരിക്കുമെന്ന കരുത്തുണ്ടായിരിക്കണം. പിന്തിച്ച് ജംഅ് ആക്കുന്നിടത്ത് ആദ്യനിസ്കാരത്തിന്റെ സമയം കഴിയുന്നതിന് മുമ്പായി പിന്തിച്ച് ജംഅ് ആക്കുന്നു എന്ന് കരുതേണ്ടതാണ്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
ഭാര്യക്ക് ആര്‍ത്തവമാവുകയും അതു തീര്‍ന്നു എന്ന് കരുതി കുളിക്കുകയും ഭര്‍ത്താവുമായി ബന്ധപെടുകയും ആ അവസരത്തില്‍ ആര്‍ത്തവ രക്തം കാണുകയും ചെയ്താല്‍ എന്താണ് വിധി?

★★★★★★★★★★★★★★★★★★★★

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 രക്തം കണ്ട ഉടന്‍ ബന്ധപ്പെടല്‍ അവസാനിപ്പിക്കേണ്ടതാണ്. ആര്‍ത്തവം കഴിഞ്ഞുവെന്ന് കരുതി നടത്തിയ ബന്ധപ്പെടലിന് കുറ്റമില്ല.  ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, എന്റെ സമുദായത്തെതൊട്ട്, പിഴവുകളും മറവിയും നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടിവരുന്ന കര്‍മ്മങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. (ഇബ്നുമാജ)
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Friday, December 7, 2018

, പല സ്ഥലങ്ങളിലും വായിച്ചും കേട്ടും പരിചയമുള്ളൊരു കാര്യം ആണു പെണ്ണിനു സ്വർഗം ഭർത്താവിന്റെ കാലിന്നടിയിലും തൃപ്‌തിയിലും അത് പോലെ ആണിന് അവരുടെ മാതാവിന്റെ കാലിന്നടിയിലും ആണെന്ന്. ദാമ്പത്യ ജീവിതത്തിൽ എന്നും ഭാര്യയെ ഉപദ്രവിക്കുക,അല്ലെങ്കിൽ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുകയും മാനസികാമായിട്ട് സമാധാനം തരാത്തതുമായ ജീവിതമാണ് എനിക്ക് റബ്ബ് തന്നത് .ഇത്രയും നാൾ എല്ലാവരും പറഞ്ഞത് പോലെ ക്ഷമിച്ചു നോക്കി .മാറ്റം ഒന്നും ഇല്ല .വിവാഹ മോചനം ആലോചിക്കുമ്പോൾ ഒരു സംശയം എനിക്കിനി മറ്റൊരു വിവാഹം എന്നു കേൾക്കുന്നത് തന്നെ പേടിയാ .എന്റെ ഉമ്മാനേം ഉപ്പാനേം നോക്കി ജീവിച്ചാൽ എല്ലാ ഇബാദത്തും ചെയ്തത് ജീവിച്ചാൽ എന്നെപ്പോലൊരു പെണ്ണിനു സ്വർഗം ഉമ്മാടെ കാലിനടിയിൽ ആകുമോ?...ഇങ്ങനെ തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ഒറ്റക് ജീവിക്കേണ്ടി വരുന്ന പെണ്ണിനെ വീട്ടുകാരുടെ തണലിൽ ജീവിക്കുന്നതിൽ ഇസ്ലാം എന്താണ് പറഞ്ഞിട്ടുള്ളത്? ഒരുപാടൊന്നും സഹിച്ചു നിൽക്കാനുള്ള മാനസിക ശക്തി ഇല്ലാഞ്ഞിട്ടാണ്.?

🔹🔹🔹🔹🔹••••••┈•✿❁✿•┈••••••🔹🔹🔹🔹🔹

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഭാര്യ- ഭർതൃ ബന്ധം വളരേ പരിശുദ്ധമായിട്ടാണ് ഇസ്ലാം കാണുന്നത്. സ്വസ്ഥതയും സമാധാനവും കണ്ടെത്തുവിധമാണ് അല്ലാഹു ഇണകളെ സൃഷ്ടിച്ചത്. അവർക്കിടയിൽ അവൻ സ്നേഹവും കാരുണ്യവുമാണ് നിറച്ചിരിക്കുന്നത്. ഇത് അവന്റെ ദൃഷ്ടാന്തമാണെന്നും ആ ദൃഷ്ടാന്തം ചിന്തിക്കുന്നവർക്ക് കണ്ടെത്താൻ കഴിയുമെന്നും അല്ലാഹു തആലാ (സൂറത്തുർറൂം) വ്യക്താമയി നമ്മെ ഉദ്ബോധിപ്പിക്കുകുയും ആ സ്വാസ്ഥ്യവും സമാധാനവും കണ്ടെത്താനും ജീവിതത്തിൽ സ്നേഹവും കാരുണ്യവും നിറഞ്ഞൊഴുകാനും വേണ്ടി വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.


വിവാഹ ജീവിതത്തിൽ പുരുഷൻ ഭാര്യയുടെ അധികാരിയോ സ്ത്രീ ഭർത്തവിന്റെ അടിമപ്പെണ്ണോ അല്ല. രണ്ടു പേർക്കും അവരവരുടെ പ്രകൃതത്തിനനുസരിച്ച് പരസ്പരം സഹകരിച്ചും സ്നേഹത്തോടെയും കാരണ്യത്തോടെയും മാത്രം ചിന്തിച്ചും പെരുമാറിയും ജീവിതം സ്വർഗീയമാക്കാൻ ആവശ്യമായ കാര്യങ്ങൾ ഇരു കൂട്ടരും ജീവിതത്തിൽ നിർബ്ബന്ധമായും പാലിക്കാൻ നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് കുടുംബ ബന്ധത്തിൽ വിള്ളൽ വീഴുന്നത്.


മോശമായി പെരുമാറലും ഉപദ്രവിക്കലും ഭർത്താവ് ഭാര്യോട് മാത്രമല്ല ഒരാളോടും ചെയ്യാൻ പാടില്ലാത്ത മഹാ പാതകമാണ്. ‘നിങ്ങളിലാരെങ്കിലും മറ്റൊരാളോട് അതിക്രമം കാണിച്ചാൽ നാം അവനെ ഭയാനകമായ ശിക്ഷ നൽകി നാളെ കഷ്ടപ്പെടുത്തും’ (സൂറത്തുൽ ഫുർഖാൻ) എന്ന് അല്ലാഹു മുന്നറിയിപ്പ് നൽകിയത് കൂടെയുള്ളവരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന ഭർക്കാന്മാരും അല്ലാത്തവരും ഓർക്കുന്നത് നല്ലതാണ്.


ഭാര്യയുടെ ജീവിതച്ചെലവ് വഹിക്കാനും ജീവിത സൌകര്യങ്ങൾ ഒരുക്കാനും സംരക്ഷണം നൽകാനും കൈകാര്യകർതൃത്വത്തിനും നിർദ്ദേശിച്ച അല്ലാഹു ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നുവെന്ന കാരണത്താൽ അവരോട് അധികാരമോ ധാർഷ്ട്യമോ കാണിക്കരുതെന്നും നല്ല നിലയിലേ അവരോട് പെരുമറാവൂ (സൂറത്തുന്നിസാഅ്) എന്നും ഭർത്താക്കന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. അതു പോലെ ഒരു കാരണവശാലും ഭാര്യമാരെ ചീത്ത പറയരുതെന്ന് ശറഅ് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്: ‘നിങ്ങൾ ഭക്ഷിക്കുമ്പോൾ അവരേയും ഭക്ഷിപ്പിക്കുക, നിങ്ങൾ പുതിയ വസ്ത്രം ധരിക്കുമ്പോൾ അവരേയും ധരിപ്പിക്കുക, അവരെ ചീത്ത പറയരുത്. വല്ല വഴക്കോ പിണക്കമോ ഉണ്ടായാൽ അത് വീട്ടിൽ വെച്ച് തന്നെ നല്ല നിലയിൽ തീർക്കണം, അല്ലാതെ വീടിന് പുറത്തേക്ക് അത് വ്യാപിക്കരുത്’ (ദാറഖുത്നീ).


അതു പോലെ ഭർത്താവിനെ അംഗീകരിച്ചും അനുസരിച്ചും വിവാഹ ജീവതത്തിൽ അഭിമുഖീകരിക്കാവുന്ന എല്ലാ വിഷയങ്ങളിലും താങ്ങും തണലുമായി നില കൊണ്ടും അദ്ദേഹത്തിന്റെ അഭിമാനവും സ്വത്തും സംരക്ഷിച്ചും മക്കളെ പരിപാലിച്ചും തനിക്കും മക്കൾക്കും വേണ്ടി സമ്പാദിക്കാനും മറ്റു കാര്യങ്ങൾ സാധിച്ചെടുക്കാനും അഹോരാത്രം കഷ്ഠപ്പെടുന്ന ഭർത്താവിന്റെ അവസ്ഥ മനസ്സിലാക്കി സ്നേഹത്തോടെയും ലാളനയോടെയും പെരുമാറിയും പോരായ്മകളിൽ ക്ഷമിച്ചും ഒരു നിലക്കും തമാശക്ക് പോലും ചതിക്കാതെയും ദാമ്പത്യത്തിന്റെ ആത്മാവ് നിലനിർത്തേണ്ട ഉത്തരവാദിത്തം ഭാര്യമാരിൽ നിക്ഷിപ്തമാണെന്ന് അല്ലാഹുവിന്റെ റസൂൽ (സ്വ) നിരവധി തവണ ഓർമ്മിപ്പിച്ച  കാര്യം അവരും മറക്കരുത്.


ഇക്കാര്യങ്ങളൊക്കെ പരസ്പരം മനസ്സിലാക്കി നല്ലനിലയിൽ മുന്നോട്ടു പോകാൻ കഴിയുമോയെന്ന് നോക്കാവുന്നതാണ്. ഒരു മുസ്ലിമായ ഭർത്താവ് എങ്ങനെയാകണമെന്ന അറിവ് അദ്ദേഹത്തിലേക്കെത്തിക്കുകയാണ് ആദ്യം വേണ്ടത്. അതിന് സാധിക്കുമെങ്കിൽ ശ്രമിച്ചു നോക്കാവുന്നതാണ്. ഈ ശ്രമങ്ങൾക്ക് അല്ലാഹുവിന്റെ പരിപൂർണ്ണ സഹായം ഉണ്ടാകുന്നതുമാണ് ഇനി ഒരു നിലക്കം മുന്നോട്ടു പോകാൻ കഴിയില്ലെങ്കിൽ ഒരു സ്ത്രീയേയും പുരഷനേയും ബുദ്ധിമുട്ടാക്കി വിവാഹ ബന്ധം തുടരണമെന്ന് ഇസ്ലാം നിർബ്ബന്ധിക്കുന്നില്ല, കണിശമായ നിബന്ധനകൾക്ക് വിധേയമായി പരസ്പരം വിട്ടു പിരിയാനുള്ള സ്വാതന്ത്ര്യമുണ്ട്.


പിന്നെ, ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്ന ഭാര്യക്ക് സ്വർഗമുണ്ട് (ഇബ്നു ഹിബ്ബാൻ) എന്ന് പറഞ്ഞ നബി (സ്വ) തന്നെ, ഭർത്താവിനെ നല്ലവനായി നാളെ അല്ലാഹു പരിഗണിക്കണെങ്കിൽ അദ്ദേഹം തന്റെ ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനാകണമെന്നും ഞാൻ എന്റെ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കന്നവനാണെന്നും (തിർമ്മിദി) പറഞ്ഞിട്ടുണ്ട്. അഥവാ ഭാര്യ-ഭർത്താക്കളുടെ ആഖിറം നന്നാകണമെങ്കിൽ അവർ പരസ്പരമുള്ള ധർമ്മങ്ങൾ യഥാവിധി ചെയ്യണമെന്നർത്ഥം.


എന്നാൽ  ഭാര്യാ– ഭർത്താക്കൾ തമ്മിൽ വിട്ടു പിരിഞ്ഞാൽ അതോടെ അവർ തമ്മിലുള്ള ബാധ്യതകളും തീർന്നു. അവർ ഭാര്യ – ഭർത്താക്കളായി തുടരുന്ന കാലത്തോളമേ അവരുടെ ബാധ്യകൾ പരസ്പരം നിർവ്വഹിക്കേണ്ടതുള്ളൂ, അതിലൂടെ രണ്ടാളുടേയും ആഖിറം നന്നാകുന്ന സാഹചര്യവും നിലനിൽക്കുന്നുമുള്ളൂ. അവർ പിരിഞ്ഞാൽ പിന്നെ അന്യരായി മാറി. അതോടെ ഇനിയങ്ങോട്ട് സ്വർഗ പ്രാപ്തിയുടെ ഒരു വഴിയായ ഭർത്താവിനെ അനുസിക്കുകയെന്നത് ഈ ഭർത്താവിനെയല്ല, ഇനി മറ്റൊരു വിവാഹം കഴിച്ചാൽ ആ ഭർത്താവിനെയാണ്. അതു പോല ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനാണ് അല്ലാഹുവിങ്കൽ നല്ലവൻ എന്നത് ഈ ഭാര്യയോടല്ല, ഇനി മറ്റൊരു വിവാഹം കഴച്ചാൽ ആ ഭാര്യയോടാണ്.


സഹോദരി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ലോകത്തുള്ള എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളും ചീത്തയോ ക്രൂരന്മാരോ ഭയപ്പെടേണ്ടവരോ അല്ല എന്നതാണ്. ബഹുഭൂരിപക്ഷവും നല്ലവരാണ്. ഒരു ന്യനപക്ഷമേ ഇരുഭാഗത്തും കേടുള്ളതുണ്ടാകുകയുള്ളൂ. അതിനാൽ പിരിയുകയല്ലാതെ വേറേ വഴിയില്ലെങ്കിൽ അല്ലാഹുവിനോട് സ്വാലിഹായ മറ്റൊരു ഭർത്താവിനെ ലഭിക്കാൻ വേണ്ടി മനമുരുകി പ്രാർത്ഥിക്കുകയും അതിനു വേണ്ടിയുള്ള കുടുംബത്തിന്റെ ശ്രമങ്ങളിൽ സഹകരിക്കുകയും ചെയ്യുന്നതാകും ഭാവി ജീവിതം തിളക്കമുള്ളതാകാനും വാർദ്ധക്യത്തിലടക്കം സന്തോഷം കളിയാടാനും മാതാപിതാക്കൾക്കും ഉറ്റവർക്കും മനസ്സമാധാനം ഉണ്ടാകാനും ഉത്തമം. തീച്ചയായും അങ്ങനെ ചെയ്യുന്നവർക്ക് ഐശ്വര്യപൂർണ്ണവും സന്തോഷകരുവമായ ഭാവിജീവിതം ഉണ്ടാകുമെന്ന് അല്ലാഹുവും (സൂറത്തുന്നിസാഅ്) റസുൽ (സ്വ)യും (ബുഖാരി, മുസ്ലിം) വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.


അതേസമയം മാനസികമായി ഒരു നിലക്കും ഇനിയൊരു കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ സാധ്യമല്ലെങ്കിൽ മാതാപിതാക്കളുടെ കൂടെ ദീനീ ചിട്ടയിൽ തന്റെ വികാര വിചാരങ്ങളെ നിയന്ത്രിച്ച് ആരാധനയെ ജീവിത ലഹരിയാക്കി ജീവിക്കാൻ കഴിയുമെങ്കിൽ അതും അനുവദനീയമാണ്, അതിലൂടെയും അല്ലാഹുവിന്റെ പൊരുത്തവും സ്വർഗവും ലിഖാഉമൊക്കെ ലഭിക്കുകയും ചെയ്യും إن شاء الله. പക്ഷേ അത് നിലവിലെ കാലഘട്ടത്തിൽ താരതമ്യേന പ്രയാസകരമായത് കൊണ്ട് അവസാനത്തെ ചോയ്സ് മാത്രമായേ പരിഗണിക്കാവൂ എന്ന് ഗുണകാംക്ഷയോടെ ഉണർത്തുന്നു. താങ്കളുടെ ദുനിയാവും ആഖിറവും ഗുണകരമാകുംവിധമുള്ള ജീവിത സാഹചര്യം താങ്കൾക്ക് അല്ലാഹു പ്രദാനം ചെയ്യട്ടേ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
സുന്നത്ത് നിസ്കരിക്കുന്ന ഒരാളെ അത് അറിഞ്ഞു കൊണ്ട് തന്നെ ഫര്‍ള് നിസ്കാരത്തിനായി തുടരാമോ?
🔹🔹🔹🔹🔹••••••┈•✿❁✿•┈••••••🔹🔹🔹🔹🔹

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

 തുടരാവുന്നതാണ്. പ്രത്യക്ഷത്തില്‍ വ്യത്യാസമില്ലാത്ത നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കുന്നവരോടെല്ലാം തുടരാവുന്നതാണ്. മയ്യിത് നിസ്കാരം പോലോത്ത പ്രത്യക്ഷ രൂപത്തില്‍തന്നെ വ്യത്യാസമുള്ളവയോട് മാത്രമേ തുടര്‍ച്ച ശരിയാവാതിരിക്കൂ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Wednesday, December 5, 2018

മരണപെട്ടവരോട് പ്രാര്‍ത്ഥിക്കാന്‍ പാടുണ്ടോ? അന്നഹ്ല്‍ സൂറത്തിലെ 20 , 21 ആയത്തുകള്‍ ആയത്തുകള്‍ അര്‍ത്ഥമാക്കുന്നത് എന്താകുന്നു ? ഈ ആയതിന്റെ വിശദീകരണം ലഭിക്കാന്‍ താല്പര്യപ്പെടുന്നു . 2. എന്റെ വീട്ടില്‍ ഇടയ്ക്ക് വരാറുള്ള ഒരു ചെറു ജീവിയുടെ പുറത്ത് الله എന്ന് എനിക്ക് വായിക്കാന്‍ സാധിക്കുന്നു . ഇത് സ്ഥിരീകരിക്കാമോ? الله എന്ന് തന്നെയല്ലേ? 3 വ്യത്യസ്തമായവ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഇതിനെ ഞാന്‍ പിടിച്ചു വെച്ചിരുന്നു പിന്നീട് പുറത്തു വിട്ടു. ഇതിനെ പിടിച്ചു വെക്കുന്നത് തെറ്റാണോ


🔹🔹🔹🔹🔹••••••┈•✿❁✿•┈••••••🔹🔹🔹🔹🔹



بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينപ്രാര്‍ത്ഥന-അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്ക് സഹായിക്കാനാവും എന്ന വിശ്വാസത്തില്‍ മരണപ്പെട്ടവരെയോ ജീവിച്ചിരിക്കുന്നവരെയോ മറ്റു എന്തുവസ്തുവിനെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അതൊക്കെ ശിര്‍ക് തന്നെയാണ്. ഈ ആശയം വ്യക്തമാക്കുന്ന ധാരാളം ആയതുകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. മേല്‍പറഞ്ഞ ചോദ്യത്തിലെ ആയതുകളും അതില്‍ പെട്ടതാണ്.  ഡോക്ടര്‍ക്ക് സ്വന്തമായി രോഗം മാറ്റാനാവുമെന്ന വിശ്വാസത്തോടെ ഡോക്ടറെ സമീപിക്കുന്നതും അതിന്റെ പരിധിയില്‍ പെടും. എന്നാല്‍, അല്ലാഹു നല്‍കിയ കഴിവുകൊണ്ട് സഹായിക്കുമെന്ന ഉദ്ദേശ്യത്തോടെ മറ്റുള്ളവരെ വിളിച്ചാല്‍ അത് ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്നാണ് പണ്ഡിതര്‍ പറയുന്നത്. തവസ്സുല്‍, ഇസ്തിഗാസ എന്നിവ വരുന്നത് ഇതിന്റെ പരിധിയിലാണ്, കാരണം ലാഇലാഹഇല്ലല്ലാഹ് എന്ന് ഉറച്ച് വിശ്വസിക്കുന്ന, എല്ലാ കഴിവുകളും അല്ലാഹുവിന്റേത് മാത്രമാണെന്ന് അറിയുന്നവരാണ് അത് ചെയ്യുന്നത് എന്നത് തന്നെ. മരുന്നും അത് കുറിച്ചുതരുന്ന ഡോക്ടറും കേവലം നിമിത്തങ്ങളാണെന്ന് വിശ്വാസത്തോടെ ഡോക്ടറോട് സഹായം തേടുന്ന പോലെത്തന്നെയാണ് അത്.
ചുരുക്കത്തില്‍ മേല്‍പറഞ്ഞ വിശ്വാസമാണ് പ്രധാനം, അതില്‍ മരിച്ചവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭൌതികമെന്നോ അഭൌതികമെന്നോ വ്യത്യാസമില്ല. ഇവ്വിഷയകമായി കൂടുതലറിയാന്‍ ഇവിടെ നോക്കുക.
2. ചില ജീവികളുടെ, വിശിഷ്യാ ചില മല്‍സ്യങ്ങളുടെ ശരീരത്തില്‍ ഇങ്ങനെ വിവിധങ്ങളായ എഴുത്തുകള്‍ കാണാറുണ്ട്. അത് എന്തായാലും പരസ്യപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, എന്ത് കാര്യമാണെങ്കിലും മറ്റുള്ളവരോട് പറയുന്നതിന് മുമ്പായി അത് പൂര്‍ണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്.

3. അത്തരം ജീവികളെ പിടിച്ചുവെക്കുന്നതില്‍ പ്രത്യേകിച്ച് തെറ്റൊന്നുമില്ല. ഏത് ജീവിയെയും പിടിച്ചുവെക്കാതെ അവയെ സ്വതന്ത്രമായി വിടുന്നതാണ് ഏറ്റവും നല്ലത്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

Monday, December 3, 2018

സുപ്പോസിടോരി (മല ദ്വാരത്തില്‍ വെക്കുന്ന മരുന്ന്) വെക്കുമ്പോള്‍ വിരല്‍ അകത്തുപോയാല്‍ കുളി നിര്‍ബന്ധമാകുമോ?

🔹🔹••••••┈•✿❁✿•┈••••••🔹🔹
بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
 ഇല്ല, മലദ്വാരത്തിലോ മുന്‍ദ്വാരത്തിലോ വിരല്‍ പോയത് കൊണ്ട് കുളി നിര്‍ബന്ധമാവില്ല. കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങളില്‍ അത് പെടുന്നതല്ല. ഇന്ദ്രിയം പുറപ്പെടല്‍, ഗുഹ്യസ്ഥാനത്ത് ഹശ്ഫ പ്രവേശിക്കല്‍, ഹൈള് രക്തം മുറിയല്‍, നിഫാസ് രക്തം മുറിയല്‍, പ്രസവം എന്നിവയാണ് കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍.. രക്തസാക്ഷിത്വമല്ലാത്ത മരണവും കുളി നിര്‍ബന്ധമാവുന്ന കാരണമാണ്.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على 
سيدنا محمد وعلى آله