Wednesday, June 23, 2021

വുളു എടുക്കൽ (വുളു എടുക്കുന്ന രീതി)



അശുദ്ധികള്‍ രണ്ടു തരമുണ്ട്.

  1. ചെറിയ അശുദ്ധി 2. വലിയ അശുദ്ധി.

ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ വുളു ചെയ്യണം. വലിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകാന്‍ കുളിക്കുകയും വേണം.

വുളുഇന്നും കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളും സുന്നത്തുകളും ഉണ്ട്.

വുളുഇനെ കുറിച്ച് ആദ്യം വിവരിക്കാം.

വുളുഅ് അതിന്‍റെ ശര്‍ത്തുകള്‍

നിയ്യത്തോടുകൂടി ചില പ്രത്യേക അവയവങ്ങള്‍ കഴുകുന്നതിനാണ് വുളുഅ് എന്നുപറയുന്നത്. ചെറിയ അശുദ്ധിയില്‍ നിന്ന്‍ ശുദ്ധിയാകുന്നതിന് വേണ്ടിയാണ് വുളു എടുക്കുന്നത്. വുളു കൂടാതെയുള്ള നിസ്കാരം സ്വീകാര്യമാവുകയില്ല.

വുളുഇന്ന്‍ അഞ്ചു ശര്‍ത്തുകള്‍ ഉണ്ട്.

  1. വുളു എടുക്കുന്നത് ത്വഹൂറായ വെള്ളം കൊണ്ടായിരിക്കുക.

ഇസ്ലാമിക കര്‍മ ശാസ്ത്രം (ഫിഖ്ഹ് ) അനുസരിച്ച് വെള്ളം പൊതുവേ മൂന്ന് ഇനങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്

ഒന്ന് ത്വഹൂര്‍, സ്വതവേ ശുദ്ധിയുള്ളതും മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കുന്നതുമായ വെള്ളത്തിനാണ് ത്വഹൂര്‍ എന്ന് പറയുന്നത്.

വുളു എടുക്കാനും കുളിക്കാനും മാലിന്യങ്ങള്‍ ശുദ്ധീകരിക്കാനും ത്വഹൂറായ വെള്ളം തന്നെ വേണം.

പുഴവെള്ളം, കടല്‍വെള്ളം, മഞ്ഞുവെള്ളം, കിണര്‍വെള്ളം തുടങ്ങിയവ എല്ലാം ത്വഹൂറായ വെള്ളം തന്നെ.

രണ്ട് ത്വാഹിര്‍, സ്വയം ശുദ്ധിയുള്ളതും എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ ഉപകരിക്കാത്തതുമായ വെള്ളത്തിന് ത്വാഹിര്‍ എന്ന് പറയുന്നു.

ഉദാഹരണത്തിന് കഞ്ഞി വെള്ളവും ഇളനീരും ശുദ്ധിയുള്ളതാണ്. അതുകൊണ്ടാണല്ലോ നാം അത് കുടിക്കുന്നത്. എന്നാല്‍ മറ്റു വസ്തുക്കളെ ശുദ്ധിയാക്കാന്‍ അവ ഉപകരിക്കുകയില്ല. അതിനാല്‍ അവ ഉപയോഗിച്ച് വുളു എടുക്കുകയോ കുളിക്കുകയോ ചെയ്തുകൂടാ.

മൂന്ന്‍ നജസ് മലിനമായ വെള്ളം, ഇതും ശുദ്ധീകരണത്തിന് കൊള്ളുകയില്ല.

രണ്ടു ഖുല്ലത്തില്‍ കുറവുള്ള വെള്ളം മാലിന്യം ചേരുന്നത് കൊണ്ടു തന്നെ അത് മലിനമായിത്തീരും. രണ്ടു ഖുല്ലത്തോ അതില്‍ കൂടുതലോ ഉള്ള വെള്ളം മാലിന്യം ചേരുകയും നിറമോ മണമോ രുചിയോ വ്യത്യാസപ്പെടുകയും ചെയ്താലേ മലിനമായിത്തീരുകയുള്ളൂ.

ഒരിക്കല്‍ വുളു എടുക്കാനോ കുളിക്കാനോ ഉപയോഗിച്ച വെള്ളം രണ്ടു ഖുല്ലത്തില്‍ കുറവാണെങ്കില്‍ പിന്നെ അതുകൊണ്ട് വുളു എടുക്കാനോ കുളിക്കാനോ പറ്റുകയില്ല. രണ്ടു ഖുല്ലത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വീണ്ടും ശുദ്ധീകരണത്തിന് ഉപയോഗിക്കാം.

  1. അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക,

വെള്ളം കൊണ്ടു തൊട്ടു നനച്ചാല്‍ വുളു ശരിയാവുകയില്ല. അവയവങ്ങളില്‍ വെള്ളം ഒലിക്കുക തന്നെ വേണം. എന്നാല്‍ തടവല്‍ മാത്രം നിര്‍ബന്ധമുള്ള അവയവങ്ങളില്‍ വെള്ളം ഒഴുക്കേണ്ടതില്ല.

 3. വെള്ളത്തിന് വ്യത്യാസം വരുത്തുന്ന ഒന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക, മാലിന്യമല്ലാത്ത വസ്തുക്കളാണെങ്കില്‍ പോലും വെള്ളത്തിന് ത്വഹൂറെന്ന പദവി നഷ്ട്ടപ്പെടുത്തുന്ന യാതൊന്നും കഴുകപ്പെടുന്ന ശരീര ഭാഗങ്ങളില്‍ ഉണ്ടാകരുത്.
  1. വെള്ളം ചേരുന്നത് തടയുന്ന മെഴുക്, എണ്ണ പോലെയുള്ള വസ്തുക്കളൊന്നും അവയവങ്ങളില്‍ ഇല്ലാതിരിക്കുക
  2. മൂത്രവാര്‍ച്ച, രക്തസ്രാവം, കീഴ്വായു, തുടങ്ങിയ അസുഖങ്ങള്‍ തുടര്‍ച്ചയായി ഉള്ളവര്‍ നിസ്കാര സമയം ആവുകയും ആയെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷം മാത്രം വുളു എടുക്കുക… മുസ്ലിമായിരിക്കുക വിശേഷബുദ്ധിയുണ്ടായിരിക്കുക എന്നിവയും വുളുഇന്‍റെ ശര്‍ത്തു തന്നെ. മുസ്ലിംകളല്ലാത്തവര്‍, ലഹരി ബാധിച്ചവര്‍, ഭ്രാന്തന്മാര്‍ ഇവരുടെയൊന്നും വുളു ശരിയാവുകയില്ല.

വുളുവിന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെയും ശര്‍ത്തുകള്‍. ശരീരം മുഴുവനും കുളിയുടെ അവയവങ്ങളാളെന്ന്‍ മാത്രം.

ശുക്ലസ്കലനം തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യക്തികള്‍ നിസ്കാര സമയം ആയതിനു ശേഷം മാത്രമേ കുളിക്കാവൂ…

വുളുവിന്‍റെ നിര്‍ബന്ധ കര്‍മങ്ങള്‍ (ഫര്‍ളുകള്‍) ആറെണ്ണമാകുന്നു. 

1. നിയ്യത്ത് :

(മുഖം കഴുകിത്തുടങ്ങുമ്പോള്‍ ഞാന്‍ വുളു എടുക്കുന്നു എന്ന് കരുതുക.) ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ അശുദ്ധിയെ ശുദ്ധിയാക്കുന്നു എന്നോ കരുതിയാലും മതി. എന്നാല്‍ നിത്യമായ അശുദ്ധിയുള്ളവര്‍ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് കരുതിയാല്‍ മതിയാകില്ല,

നിയ്യത്ത് മനസ്സില്‍ ഉണ്ടാകേണ്ടതാണ്. നാവുകൊണ്ട് പറയണമെന്നില്ല. മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് പറയുകകൂടി ചെയ്‌താല്‍ വളരെ ഉത്തമമാണ്.

2. മുഖം കഴുകുക എന്നതാണ് വുളുവിന്‍റെ രണ്ടാമത്തെ ഫര്‍ള്.

മുഖം കഴുകലും നിയ്യത്തും ഒരുമിച്ചു വേണം.

മുഖം മുഴുവനും കഴുകുകയും വേണം.

സാധാരണ മുടി മുളക്കുന്ന സ്ഥലം മുതല്‍ താടി എല്ലിന്‍റെ അറ്റം മുതല്‍ നീളത്തിലും, 

ഒരു ചെവി മുതല്‍ മറ്റേ ചെവി വരെ വീതിയിലുമുള്ള ശരീരഭാഗമാണ് മുഖം.

താടി, മീശ തുടങ്ങി മുഖത്തുള്ള മുടികള്‍ നേരിയതാണെങ്കില്‍ അതിനുള്ളിലേക്ക് വെള്ളം നിര്‍ബന്ധമായും പ്രവേശിച്ചിരിക്കണം.

തിങ്ങിയതാണെങ്കില്‍ അതിനുള്ളിലേക്ക് വെള്ളം പ്രവേശിക്കല്‍ നിര്‍ബന്ധമില്ല, സുന്നത്തെ ഉള്ളു.

3. രണ്ടു കൈകള്‍ മുട്ടുകള്‍ ഉള്‍പ്പെടെ കഴുകുക.അതാണ്‌ വുളുഇന്‍റെ മൂന്നാമത്തെ ഫര്‍ള്.

കൈകളിലുള്ള രോമങ്ങള്‍ക്കിടയിലേക്കും വെള്ളം ഒഴുക്കികഴുകണം.

രോമങ്ങള്‍ നേരിയതാണെങ്കിലും തിങ്ങിയതാണെങ്കിലും അത് നിര്‍ബന്ധമാണ്.

4. തലയിലെ മുടിയില്‍ നിന്നോ തൊലിയില്‍ നിന്നോ കുറച്ചു ഭാഗമെങ്കിലും തടവുക.

തലയുടെ ആകൃതിയില്‍ നിന്ന്‍ പുറത്തുള്ള മുടി തടവിയാല്‍ മതിയാവുകയില്ല.

5. രണ്ടു കാലുകളും നെരിയാണി ഉള്‍പ്പടെ കഴുകുക

6. മേല്‍ പറഞ്ഞ കര്‍മങ്ങള്‍ ക്രമപ്രകാരം ചെയ്യുക. ക്രമം തെറ്റിയാണ് ചെയ്യുന്നതെങ്കില്‍ വുളു സ്വീകാര്യമാവുകയില്ല.

വുളുഇന്‍റെ സുന്നത്തുകള്‍

നേരത്തെ പറഞ്ഞ കര്‍മങ്ങള്‍ മാത്രം ചെയ്‌താല്‍ തന്നെ വുളുഇന്‍റെ ചുരുങ്ങിയ രൂപമായി.എന്നാല്‍ വുളുഇനെ പൂര്‍ണതയില്‍ എത്തിക്കുന്ന ചില കാര്യങ്ങളുണ്ട്.അവക്കാണ് വുളുഇന്‍റെ സുന്നത്തുകള്‍ എന്ന് പറയുന്നത്.അവ താഴെ വിവരിക്കുന്നു.1. (പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.) എന്ന് ചൊല്ലിക്കൊണ്ട് വുളു ആരംഭിക്കുക.2. മിസ്‌വാക്ക് ചെയ്യുക ബ്രഷ് കൊണ്ടോ മറ്റോ പല്ലും നാവും തേച്ചു വൃത്തിയാക്കുക.3. വീണ്ടും ബിസ്മി ചൊല്ലുക. തുടര്‍ന്ന് അല്‍ഹംദുലില്ലാഹില്ലടി ജഅലല്‍ മാഅ ത്വഹൂറ (വെള്ളത്തെ) ശുദ്ധീകരണവസ്തുവാക്കിയ അല്ലാഹുവിന്‍ സര്‍വസ്തുതിയും എന്ന് പറയുക.4. രണ്ടു കൈപ്പത്തികള്‍ കഴുകുക.5. വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.6. തല മുഴുവന്‍ തടകുക.7. രണ്ടു ചെവികള്‍ ഉള്ളും പുറവും തടകുക.8. അവയവങ്ങള്‍ തേച്ചു കഴുകുക.9. തിങ്ങിയ താടിയുടെ തിക്ക് അകറ്റി കഴുകുക.10. കൈകാലുകളുടെ വിരലുകളുടെ ഇട ശ്രദ്ധിച്ചു കഴുകുക.11. കൈകാലുകള്‍ കഴുകുമ്പോള്‍ ആദ്യം വലത്തെത് കഴുകുക.12. കഴുകുന്നതും തടകുന്നതും എല്ലാം മുംമൂന്ന്‍ പ്രാവശ്യം വീതം ആയിരിക്കുക.13. ഓരോ കര്‍മവും തുടരെ തുടരെ ചെയ്യുക.14. മടമ്പ്, പീളക്കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധിചു കഴുകുക.15. വുളു ചെയ്യുമ്പോള്‍ ഖിബലയുടെ നേരെ തിരിയുക.16. വുളു എടുത്തുകഴിഞ്ഞാല്‍ കണ്ണുകളും കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്തിക്കുക.

വുളുഇന്‍റെ രൂപം

ബാങ്ക് കേട്ട് കഴിഞ്ഞാല്‍ നിസ്കരിക്കാന്‍ ഉദേഷിക്കുമ്പോള്‍ വെള്ളം എടുത്ത് ബിസ്മി ചൊല്ലിയതിന് ശേഷം മിസവാക്ക് ചെയ്ത് പല്ലുകളും നാവും വൃത്തിയാക്കുക. വീണ്ടും ബിസ്മി ചൊല്ലി കൈപത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക.പിന്നീട് വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക.പിന്നീട് നിസ്കാരത്തെ ഹലാലാക്കുന്നു എന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ കരുതിക്കൊണ്ട് മുഖം മൂന്ന് പ്രാവശ്യം കഴുകുക.പിന്നീട് ആദ്യം വലതും ശേഷം ഇടതും എന്ന ക്രമത്തില്‍ കൈകള്‍ രണ്ടും മുട്ടോടുകൂടി മൂന്ന് പ്രാവശ്യം കഴുകുക.പിന്നീട് തല തടകുകയും ശേഷം ചെവിയുടെ ഉള്ളും പുറവും തടകുകയും ചെയ്യുക.അതിനു ശേഷം ആദ്യം വലതും പിന്നീട് ഇടതും എന്ന ക്രമത്തില്‍ കാല്‍പാദങ്ങള്‍ രണ്ടും ഞെരിയാണി ഉള്‍പ്പടെ കഴുകുക.അങ്ങനെ വുളു പൂര്‍ത്തിയാക്കുക.അവയവങ്ങള്‍ കുടയുകയോ തുവര്‍ത്തുകയോ ചെയ്യാതെ എഴുന്നേറ്റ് നിന്ന്‍ കൈകളും കണ്ണുകളും ആകാശത്തിനു നേരെ ഉയര്‍ത്തി ഈ പ്രാര്‍ത്ഥന ചോല്ലുക.(അല്ലാഹു ഒഴികെ ഒരു ആരദ്യനില്ലെന്നും മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.അല്ലാഹുവേ എന്നെ പാശ്ചാത്തപിക്കുന്നവരിലും പരിശുദ്ധി കൈകൊള്ളുന്നവരിലും നിന്‍റെ സദ്‌വൃത്തന്മാരായ ദാസന്മാരിലും ഉള്‍പ്പെടുത്തെണമേ അല്ലാഹുവേ നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു.നീയല്ലാതെ ഒരു ആരാധ്യനില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.നിന്നോട് ഞാന്‍ പാപമോചനത്തിന് ആപേക്ഷിക്കുകയും നിങ്കലേക്ക് പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.)ഇതാണ് വുളുഇന്‍റെ പൂര്‍ണമായ രൂപം.വുളുഇന്‍റെ കറാഹത്തുകള്‍വുളു ചെയ്യുമ്പോള്‍ അനഭിലഷണീയമായ ചില കാര്യങ്ങളുണ്ട്. വുളുഇന്‍റെ കറാഹത്തുകള്‍ എന്നാണവയെ പറയുക. അവ താഴെ വിവരിക്കുന്നവയാണ്.1. വുളുഇന്‍റെ കര്‍മങ്ങള്‍ മുന്നില്‍ നിന്നും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുക.2. മുഖത്തേക്ക് വെള്ളം എറിഞ്ഞു കഴുകുക.3. വുളു എടുക്കുമ്പോള്‍ സലാം ചൊല്ലുകയോ സലാം മടക്കുകയോ ചെയ്യുക.4. തക്കതായ കാരണങ്ങളില്ലാതെ വുളു ചെയ്ത അവയവങ്ങള്‍ കുടയുകയോ തുടക്കുകയോ ചെയ്യക.

വുളു മുറിക്കുന്ന കാര്യങ്ങള്‍

താഴെ പറയുന്ന കാര്യങ്ങളിലെതെങ്കിലും ഒന്ന് സംഭവിച്ചാല്‍ വുളു ഇല്ലാതായിത്തീരും. പിന്നീട് നമസ്കരിക്കുകയോ മറ്റോ ചെയ്യണമെങ്കില്‍ വീണ്ടും വുളു എടുക്കേണ്ടി വരും.ഈ കാര്യങ്ങളെയാണ് വുളു മുറിക്കുന്ന കാര്യങ്ങള്‍ എന്ന് പറയുന്നത്.1. മൂത്ര ദ്വാരത്തില്‍ കൂടിയോ മലദ്വാരത്തില്‍ കൂടിയോ ശുക്ലമല്ലാത്ത എന്തെങ്കിലും പുറത്ത് വരിക.കീഴ്വായു പുറത്ത് വന്നാലും വുളു മുറിയും.2. ഭ്രാന്ത്, ബോധക്ഷയം,ഉറക്കം എന്നിവ കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ ബുദ്ധിയുടെ വകതിരിവ് നഷ്ടമാവുക.3. ഉള്ളന്‍ കൈകൊണ്ട് മനുഷ്യരുടെ ലൈങ്കികാവയവമോ മലദ്വാരമോ സ്പര്‍ശിക്കുക.4. അന്വാന്യം വിവാഹം കഴിക്കാവുന്ന മുതിര്‍ന്ന സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗങ്ങള്‍ തമ്മില്‍ ചേരുക.നഖം, മുടി എന്നിവ സ്പര്‍ശിചതുകൊണ്ടോ വസ്ത്രത്തിനു മീതെ സ്പര്‍ശിച്ചതുകൊണ്ടോ വുളുഇന്ന്‍ ഭംഗം വരുകയില്ല.

വുളു ഇല്ലാത്തവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങള്‍

വുളു ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമായി തീരുന്നതാണ്.1. നിസ്കാരം2. കഅബ പ്രദക്ഷിണം (ത്വവാഫ്)3. തിലാവത്തിന്‍റെ (ഖുര്‍ആന്‍ പാരായണത്തിന്‍റെ ) സുജൂദ്4. ജുമുഅഖുതുബ നിര്‍വഹിക്കുക5. മുസ്ഹഫ് (ഖുര്‍ആന്‍) സ്പര്‍ശിക്കുക


No comments:

Post a Comment