പാശ്ചാത്തപിച്ചു മടങ്ങിയ ഒരാൾക്ക് അല്ലാഹു കൊടുക്കുന്ന ഉന്നതമായ സ്ഥാനം.
ബനൂ ഇസ്രായീലിലെ ഒരു ചെറുപ്പക്കാരന് അയൽവാസിയായ യുവതിയോട് ഇഷ്ടം തോന്നി. തന്റെ ഇഷ്ടം അവളെ അറിയിക്കാൻ അവസരം പാത്തിരിക്കുന്ന ഒരുനാൾ ആ പെണ്ണിനെ അവളുടെ വീട്ടുകാർ കുറച്ചകലെ ഉള്ള പട്ടണത്തിലേക്ക് ഒരാവശ്യത്തിന് പറഞ്ഞയക്കുന്നത് അവൻ അറിഞ്ഞു. തനിച്ചു പോകുന്ന തന്റെ പ്രിയസഖിയുടെ പിന്നാലെ അവളറിയാതെ അവൻ തുടർന്നു.
വിജനമായ ഒരു സ്ഥലത്ത് എത്തിപ്പെട്ട അവളുടെ മുന്നിലേക്ക് അവസരം ഉപയോഗിച്ച് ചെന്ന അവൻ തന്റെ പ്രണയം അവളെ അറിയിക്കുകയും ആരുമാരും കാണാത്ത ആ സ്ഥലത്ത് വെച്ച് വ്യഭിചാരത്തിലേക്ക് അവളെ പ്രലോഭിപ്പിക്കുകയും ചെയ്തു. സൃഷ്ടികൾ ആരുടേയും കണ്ണ് വെട്ടിച്ചും മറഞ്ഞും എന്തും ചെയ്യാം എങ്കിലും ഉടമയായ നാഥൻ സദാ തന്നെ കണ്ടു കൊണ്ടിരിക്കുന്നുണ്ട് എന്ന തികഞ്ഞ ബോധ്യമുള്ള ഭക്തയായ ആ പെണ്ണ് അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു:
“അനാവശ്യത്തിലേക്ക് എന്നെ നീ ക്ഷണിക്കരുത് – നീ എന്നെ സ്നേഹിക്കുന്നതിലും എത്രയോ അധികമായി ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട് – എങ്കിലും ഞാൻ രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.”
മനസ്സിനെ കൊളുത്തി വലിച്ചു കൊണ്ട് അവളുടെ നാവിൽ നിന്നും വന്ന വാക്കുകൾ അവന്റെ വായടപ്പിച്ചു. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു മനസ്സിൽ ഈമാൻ അൽപ്പമെങ്കിലും ഉള്ളവന് ചിന്ത വരാൻ..
അല്ലാഹുവിന്റെ റസൂൽ(സ്വ) തങ്ങൾ പറഞ്ഞത് എത്ര സത്യം -“ഒരു മനുഷ്യൻ വ്യഭിചരിക്കുമ്പോൾ ആ സമയത്ത് ഈമാൻ അവനിൽ നിന്നും ഉയർന്ന് നിൽക്കുന്നു.”
അവനിൽ ഈമാൻ വേരൂന്നിയിരുന്നു – അതിനാൽ തന്നെ ചെറുപ്പക്കാരന്റെ മനസ്സ് തരളിതമായി. അവൻ തന്റെ പ്രണയഭാജനത്തെയും കാമാസക്തിയേയും മറന്നു – അവളെ അവളുടെ വഴിക്ക് വിട്ട അവൻ സ്വയം “നീ അല്ലാഹുവിനെ ഭയക്കുന്നു ആ ഭയം എന്നിൽ ഇല്ലാതെ പോയല്ലോ..!” എന്നിങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു.
അവന്റെ നിർമ്മലമായ ഹൃദയം റബ്ബിലേക്ക് ഖേദിച്ചു മടങ്ങിയിരുന്നു. അവന്റെ മുമ്പിൽ നിൽക്കുന്ന സമയത്ത് എന്ത് മറുപടി പറയും എന്ന ചിന്ത അവനെ മദിച്ചു കാണണം. തകർന്ന മനസ്സുമായി, പാശ്ചാത്താപ ചിന്തയുമായി ആ ചെറുപ്പക്കാരൻ തിരിച്ചു നടന്നു തുടങ്ങി.
ചിന്തകൾ മദിക്കുന്ന മനസ്സുമായുള്ള വഴിയാത്രക്കിടയിൽ ദാഹം കലശലായ ചെറുപ്പക്കാരൻ വെള്ളവും തേടി നടക്കുന്നതിനിടെ അവരിലെ പ്രവാചകർ അവനെ കാണാൻ ഇടയായി.
വിളറിയ മുഖവുമായി നടന്നു വരുന്ന യുവാവിനോട് ആ പ്രവാചകർ അന്വേഷിച്ചു:
“എന്താണ് നിന്റെ പ്രയാസം..?”
“വല്ലാത്ത ദാഹം” അവൻ മറുപടി പറഞ്ഞു.
വരൾച്ചയുടെ സമയമായിരുന്നിരിക്കണം – പ്രവാചകർ അവനോടു പറഞ്ഞു: “വരൂ നമുക്ക് മഴക്കായി അല്ലാഹുവിനോട് പ്രാർഥിക്കാം”.
“എന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ സഹായകമായ ഒരു സൽക്കർമ്മം പോലും ഞാൻ ചെയ്തിട്ടില്ല”.
നിസ്സഹായാനായി ആ ചെറുപ്പക്കാരൻ പറഞ്ഞു.
“എങ്കിൽ ഞാൻ പ്രാർഥിക്കാം – നീ ആമീൻ പറഞ്ഞോളൂ” നബി സമാധാനിപ്പിച്ചു.
ബനൂ ഇസ്രായേലിലെ ആ പ്രവാചകർ ഇലാഹീ സവിധത്തിലേക്ക് കൈകൾ ഉയർത്തി തേടുകയും ചെറുപ്പക്കാരൻ ആമീൻ പറയുകയും ചെയ്യേണ്ട താമസം, അന്തരീക്ഷത്തിൽ മേഘം പ്രത്യക്ഷപ്പെട്ടു. ചുറ്റുഭാഗത്തും മഴ കുടു കുടാ വർഷിച്ചു.
അത്ഭുതകരം എന്ന് പറയട്ടെ, നബി ശ്രദ്ധിച്ചു നോക്കിയപ്പോൾ ഈ ചെറുപ്പക്കാരൻ നടക്കുന്നതിന് നേരെ മുകളിൽ അവനൊപ്പം മേഘം സഞ്ചരിക്കുന്നു. പ്രവാചകരുടെ മുകളിൽ സഞ്ചരിക്കുന്നതിനു പകരം ഈ യുവാവിന്റെ മുകളിലൂടെ മേഘം സഞ്ചരിക്കുന്നത് കണ്ട നബി അത്ഭുതത്തോടെ അവനോടു ചോദിച്ചു.
“നീ എന്നോട് പറഞ്ഞത് നീ ജീവിതത്തിൽ ഒരു സൽക്കർമ്മവും ചെയ്തിട്ടില്ല എന്നാണ്. എന്നിട്ട് മഴക്കായി പ്രാർഥിച്ച എനിക്ക് മുകളിൽ വരുന്നതിനു പകരം മേഘം തൊട്ടടുത്ത പട്ടണത്തിൽ മഴ വർഷിക്കുകയും ശേഷം ആമീൻ പറഞ്ഞ നിനക്കൊപ്പം, നിന്റെ തലക്ക് മുകളിലായി സഞ്ചരിക്കുകയും ചെയ്യുന്നു..! അല്ലയോ യുവാവേ, നിങ്ങളുടെ കഥ എന്നോട് പറയൂ”.
ചെറുപ്പക്കാരൻ തന്റെ അയൽവാസിയായ യുവതിയുമായി നടന്ന സംഭവങ്ങൾ ആ നബിയോട് വിശദീകരിച്ചു പറഞ്ഞു. എല്ലാം കേട്ട പ്രവാചകർ പറഞ്ഞു:
“അല്ലാഹുവിലേക്ക് മനസ്സറിഞ്ഞ് പാശ്ചാത്തപിച്ച് മടങ്ങിയ ഒരാൾക്ക് അല്ലാഹു കൊടുക്കുന്ന ഉന്നതമായ സ്ഥാനം മറ്റൊരാൾക്കും എത്തിപ്പിടിക്കാൻ സാധ്യമല്ല..!”
ഓഹ്..
ഇലാഹായ നാഥന്റെ കരുണയുടെയും സ്നേഹത്തിന്റെയും മഗ്ഫിറത്തിന്റെയും കവാടങ്ങൾ എത്ര വിശാലമാണ്. ചോദിക്കാതെ തന്നെ എന്തെല്ലാം അനുഗ്രഹങ്ങൾ കയ്യും കണക്കുമില്ലാതെ നൽകുന്നവനാണവൻ..! അപ്പോ പിന്നെ ചോദിക്കുന്നവർക്ക്,അവനിലേക്ക് ഖേദിച്ചു മടങ്ങുന്നവർക്ക് എത്ര ഉദാരമായി അവൻ നൽകുമെന്ന് പറഞ്ഞു തീര്ക്കാൻ സാധ്യമല്ല.
ആദരവായ നബിതങ്ങളുടെ ഒരു ഹദീസിന്റെ ആശയം ഇങ്ങനെ:
“അറ്റമില്ലാത്ത മരുഭൂമിയിൽ തന്റെ ദാഹജലവും ഭക്ഷണവും എല്ലാമുള്ള വാഹനമായ ഒട്ടകത്തെ നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്നറിയാതെ ദാഹിച്ചു തൊണ്ട പൊട്ടി, ജീവന് വേണ്ടി പരക്കം പായുന്ന സമയത്ത് പെട്ടെന്ന് കാണാതെ പോയ ഒട്ടകത്തെ തിരിച്ചു ലഭിക്കുമ്പോൾ നിങ്ങളിൽ ഒരാൾക്ക് ഉണ്ടാകുന്ന സന്തോഷം എത്രയാണോ അതിമുമേറെയാണ് തെറ്റുകാരനായ ഒരു മനുഷ്യൻ തന്നിലേക്ക് തൗബ ചെയ്തു മടങ്ങുമ്പോൾ അല്ലാഹുവിന്റെ സന്തോഷം..!”.
തീരാത്ത പാപങ്ങളുടെ കറകൾ കഴുകി ശുദ്ധിയാക്കാൻ പുലരാത്ത നാളേക്ക് കാത്തിരിക്കുന്നതിൽ എന്തർത്ഥം..? ചിലപ്പോ നാളത്തെ ദിവസം നിന്റെ അവസാന യാത്രയുടേതാകും..
നാളെക്ക് മാറ്റി വെക്കാതെ
പാശ്ചാത്തപിച്ച് മടങ്ങുക.
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ whatsapp GROUP no . 00919746695894
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
No comments:
Post a Comment