സംശയങ്ങളും ഉത്തരങ്ങളും
മരിച്ചവര്‍ക്ക് വേണ്ടി എഴുപതിനായിരം തഹ്‌ലീല്‍ ചൊല്ലുന്ന ആചാരമുണ്ടല്ലോ. ഇത് ശരിയോ തെറ്റോ ?
അത് പുണ്യമുള്ളതാണെന്നും മയ്യിത്തിന് ഉപകരിക്കുമെന്നും ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. തഹ്‌ലീലിനെ കുറിച്ചുള്ള ഹദീസ് സ്വീകാര്യ യോഗ്യമാണെന്ന് മുല്ലാ അലിയ്യുല്‍ ഖാരി മിശ്‌കാത്ത് 2/102 വ്യക്തമാക്കിയിട്ടുണ്ട് ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്ന ഒരു സംഭവം പ്രസിദ്ധമാണ്. മഹാനായ അബൂ സൈദ് ഖുതുബി (റ) തനിക്ക് വേണ്ടി 70000 ദിക്‌റ് ചൊല്ലിയിരുന്നു. അദ്ദേഹവും അല്ലാഹുവിന്റെ ഔലിയാക്കളില്‍ പെട്ട ഒരു ചെറുപ്പക്കാരനും ഒരു സദ്യയില്‍ ഉണ്ടായിരുന്നു. പൊടുന്നനെ ആ യുവാവ് എന്റെ ഉമ്മ നരകത്തിലാണെന്ന് വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ വിഷമം മനസ്സിലാക്കിയ അബൂ സൈദ് (റ) താന്‍ ചൊല്ലിയ 70000 തഹ്‌ലീല്‍ യുവാവിന്റെ മാതാവിന് ഹദ്‌യ കൊടുത്തു. തല്‍ക്ഷണം ആ യുവാവ് എന്റെ ഉമ്മ നരകത്തില്‍ നിന്നും മോചിതയായെന്ന് വിളിച്ചു പറഞ്ഞു. (ഇര്‍ശാദുല്‍ യാഫിഈ) തസ്‌ബീഹും തഹ്‌ലീലുമെല്ലാം സ്വദഖയാണെന്നും സ്വദഖ മരിച്ചുപോയവര്‍ക്ക് ഉപകരിക്കുമെന്നും നബി (സ) പറഞ്ഞതിന് ധാരാളം തെളിവുകളുണ്ട്.
ഖബറാളിയും തിരിച്ചറിവും
ഖബറിന്നരികിലൂടെ നടന്ന് പോകുന്ന ആളെ കാണുവാനും അവന്റെ സലാം മടക്കുവാനും ഖബറാളിക്ക് കഴിയുമോ ? തന്റെ കുടുംബത്തില്‍ പെട്ടവരെ തിരിച്ചറിയുമോ ?
മുഖ പരിചയമുള്ള ഒരാള്‍ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ നടന്ന് പോകുമ്പോള്‍ ഖബറിലുള്ളവന്‍ അയാളെ തിരിച്ചറിയുകയും സലാം പറഞ്ഞാല്‍ മടക്കുകയും ചെയ്യാതിരിക്കില്ല. ഈ ഹദീസ് സ്വീകാര്യ യോഗ്യമാണ്. ഭൗതിക ശരീരം ദ്രവിച്ചുപോയാല്‍ മയ്യിത്തിന്റെ ആത്മാവിന് ഖബറുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരിക്കും. അത് ഒരിക്കലും മുറിയുകയില്ല. (ബുജൈരിമി 1/487) മയ്യത്തിന് സലാം പറഞ്ഞാല്‍ ആളെ തിരിച്ചറിയാനും മടക്കുവാനുമുള്ള കഴിവ് ആത്മാവിന് അല്ലാഹു കൊടുക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. (ബുജൈരിമി 1/487)
റൂഹാനിയും വിളക്കും
മരിച്ച വീട്ടില്‍ റൂഹാനി വരുമെന്നും അതിനാല്‍ അവിടെ വിളക്ക് കെടുത്തരുതെന്നും പറയപ്പെടുന്നത് ശരിയാണോ ?
ശരിയല്ല, ആത്മാവ് പക്ഷിയായി പുറത്തുവരുമെന്നത് അന്ധവിശ്വാസമാണ് (ഖസ്‌ത്വല്ലാനി 8/398) എങ്കിലും ലൈലത്തുല്‍ ഖദര്‍ പോലുള്ള പുണ്യ ദിനങ്ങളില്‍ റൂഹുകള്‍ ഭൂമിയില്‍ ഇറങ്ങി വരുമെന്നും ആശയങ്ങള്‍ കൈമാറുമെന്നും ഖുര്‍ആനിലും ഹദീസിലും കാണാം. വിളക്കു കത്തിക്കുന്നതിന് ഒരടിസ്ഥാനവുമില്ല
ഇദ്ദയും ഇരുട്ടറയും
ഇദ്ദ എന്നാല്‍ എന്താണ് ? അതിന്റെ രുപം എങ്ങനെയാണ് ? പലരും മറ (ബാത്ത്‌റൂം അടക്കമുള്ള മുറി) നിര്‍മ്മിച്ച് പുറത്തൊരാളെയും കാണാതെ കഴിയുന്നു. ഈ കാലയളവ് കഴിഞ്ഞാലോ അതിനു മുമ്പോ ആരേയും കാണാം. സംസാരിക്കാം ഇങ്ങനെ ഒരു രൂപം ഇദ്ദയ്‌ക്കുണ്ടോ ? ആ സമയത്ത് അന്യമതക്കാരായ സ്‌ത്രീകളെ കാണുന്നത് തെറ്റാണെന്ന് പറയുന്ന് ശരിയാണോ ? ആര്‍ത്തവകാരിക്ക് ആ അവസരത്തില്‍ മൈലാഞ്ചി ഇടുന്നതിന് വിരോധമുണ്ടോ ?
ഗര്‍ഭാശയം ശൂന്യമാണെന്നറിയാനോ ,തഅബ്ബുദ് (ഇബാദത്തായാലും അല്ലെങ്കിലും യുക്തിക്കതീതമായ മത കല്‍പനകള്‍) എന്ന നിലയിലോ ഭര്‍ത്താവിന്റെ മരണത്തില്‍ ദുഖം ആചരിക്കാനോ ദീക്ഷിതകാലമായി ആചരിക്കുന്നതാണ് ഇദ്ദ. ഇദ്ദയ്‌ക്ക് പ്രത്യേക രൂപമില്ലെങ്കിലും ചില നിബന്ധനകളൊക്കെയുണ്ട്. തിരിച്ചെടുക്കാവുന്ന വിധത്തില്‍ മൊഴി ചൊല്ലിയ ഇദ്ദയാണെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെയോ നിര്‍ബന്ധസാഹചര്യത്തിലല്ലാതെയോ പുറത്തു പോകാന്‍ പാടില്ല. കാരണം അവര്‍ക്ക് ചെലവ് കൊടുക്കാന്‍ മൊഴി ചൊല്ലിയവന്‍ ബാധ്യസ്ഥനാണ്. മടക്കിയെടുക്കാന്‍ പറ്റാത്ത വിധത്തില്‍ മൊഴി ചൊല്ലിയ ഗര്‍ഭിണിയും ചെലവിന് അര്‍ഹയാകുന്നതിന് തിരിച്ചെടുക്കാവുന്നവളെപ്പോലെയാണ്. (തുഹ്‌ഫ-8-262) വീട് പൊളിയുക, അഗ്നിക്കിരയാവുക, വീട്ടില്‍ കവര്‍ച്ച നടക്കുക, അയല്‍വാസികളുടെ ആക്രമണം ഉണ്ടാവുക തുടങ്ങിയവയാല്‍ ശരീരത്തിനോ, കുട്ടിക്കോ, സമ്പത്തിനോ വല്ല അപകടവും പറ്റുമെന്ന് ഇദ്ദക്കാരിക്ക് ഭയം ഉണ്ടായാല്‍ വീട് മാറിത്താമസിക്കല്‍ അനുവദനീയമാണ്. (തുഹ്‌ഫ 8-262) തിരിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ മൊഴിചൊല്ലിയവളെ ഇദ്ദക്കാലത്ത് കാണല്‍ ഭര്‍ത്താവിന് നിഷിദ്ധമാണ്. മൊഴിമൂന്നും ചൊല്ലല്‍, ഖുര്‍അ് ,വിവാഹ ശേഷമുണ്ടായ പിണക്കത്താല്‍ സംഭവിച്ച ഫസ്‌ഖ് എന്നിവയാല്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം ബന്ധം വേര്‍പെട്ടവര്‍, ഗര്‍ഭിണി തുടങ്ങിയവര്‍ക്ക് ഇദ്ദ കഴിയും വരെ ചെലവ് കൊടുക്കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമാണ്. അവര്‍ പ്രസവിക്കുന്നതിന് മുമ്പ് അവര്‍ മരിച്ചാലും ബാധ്യതയുണ്ട്. (ഫത്‌ഹുല്‍ മുഈന്‍ 414, തുഹ്‌ഫ 8/334) ഗര്‍ഭിണിയല്ലാത്തവര്‍ക്ക് മൂന്നു-ശുദ്ധിയുടെ സമയമാണ് (മൂന്നുമാസം) ഇദ്ദക്കാലം.
ഭര്‍തൃവിയോഗ ഇദ്ദ
ഭര്‍ത്താവ് മരിച്ചാല്‍ നാലു മാസവും പത്തു ദിവസവും ഇദ്ദ അനുഷ്‌ഠിക്കല്‍ നിര്‍ബന്ധമാണ് (തുഹ്‌ഫ 8/250) മടക്കിയെടുക്കാവുന്ന വിധത്തില്‍ മൊഴിചൊല്ലപ്പെട്ടവളും, പ്രായക്കുറവ് കൊണ്ടോ മറ്റോ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ ആണെങ്കിലും ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഇത്രയും കാലം-ഇദ്ദ അനുഷ്‌ഠിക്കണം. ഭര്‍ത്താവ് മരിച്ച് ഇദ്ദ ആചരിക്കുമ്പോള്‍ ഇഹ്‌ദാദ് (ലളിത ജീവിതം) സ്വീകരിക്കല്‍ നിര്‍ബന്ധമാണ്(തുഹ്‌ഫ 8/250) നബി (സ്വ) പറഞ്ഞു. മരിച്ചവരുടെ പേരില്‍ മൂന്നു ദിവസത്തിലധികം ചടഞ്ഞിരിക്കല്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാള്‍ക്കും പാടില്ല, ഭര്‍ത്താവിന്റെ പേരിലൊഴികെ. അവനുവേണ്ടി നാലു മാസവും പത്തു ദിവസവും അവള്‍ ചടഞ്ഞിരിക്കണം. (ബുഖാരി, മുസ്‌ലിം)
ദു:ഖാചരണം
ചോദ്യത്തിലുള്ളത് പോലെയുള്ള ഇദ്ദാചരണം ഇസ്‌ലാമിലില്ല. ജാഹിലിയ്യ കാലത്ത് ഉണ്ടായിരുന്ന ഭര്‍തൃ വിയോഗ ഇദ്ദക്ക് വളരെ വിചിത്രമായ ചില പ്രവര്‍ത്തനങ്ങളും നിയമങ്ങളും ഉണ്ടായിരുന്നു. അക്കാലത്തെ ഇദ്ദയെക്കുറിച്ച് മഹാനായ ഇമാം ഖാളി (റ) പറയുന്നത് കാണുക. ജാഹിലിയത്തില്‍ വിധവ ആചരിച്ചിരുന്ന ഇദ്ദ ഇപ്രകാരമാണ്. അവള്‍ ഇടുങ്ങിയ ഒരു കുടിലില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്‌ത്രം ധരിക്കും. സുഗന്ധമോ, അലങ്കാരമുള്ള വസ്‌തുക്കളോ സ്‌പര്‍ശിക്കില്ല. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ ശേഷം കഴുത, ആട് എന്നിവയോ പക്ഷിയോ അവളുടെ നഗ്നത സ്‌പര്‍ശിച്ച് ഇദ്ദ തീര്‍ക്കും. ശേഷം ആ കുടിലില്‍ നിന്ന് പുറത്തു വരുമ്പോള്‍ അവള്‍ക്ക് അല്‍പം ഉണങ്ങിയ കാഷ്‌ഠം കൊടുക്കും. അവളത് തല ചുഴറ്റിയെറിയും. അതോടെ ഇദ്ദ അവസാനിക്കും. (മിര്‍ഖാത്ത് 5/513, ഫത്‌ഹുല്‍ ബാരി 9/489) ഇസ്‌ലാമിലെ ഇദ്ദ വളരെ ലളിതമാണ്. അലങ്കാരത്തിനായി ചായം മുക്കിയ വസ്‌ത്രം ധരിക്കാതിരിക്കുക, സുഗന്ധ വസ്‌തുക്കള്‍ ഉപയോഗിക്കാതിരിക്കുക, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ പകല്‍ ധരിക്കാതിരിക്കുക, സ്വര്‍ണ്ണമോ വെള്ളിയോ പൂശിയ ആഭരണങ്ങളും ആഭരണങ്ങളായി ഉപയോഗിക്കുന്ന മുത്ത് രത്‌നാദികളും ഒഴിവാക്കുക. ചെമ്പ്, ആനക്കൊമ്പ് എന്നിവയുടെ ആഭരണങ്ങളും ഒഴിവാക്കുക. സുറുമ ഇടുകയോ തലയിലൊഴികെ എണ്ണ തേക്കുകയോ ചെയ്യാതിരിക്കുക എന്നിവ നിര്‍ബന്ധമാണ്. തലയില്‍ എണ്ണ ഉപയോഗിക്കുന്നതിനോ കുളിക്കുന്നതിനോ അഴുക്കുകള്‍ വൃത്തിയാക്കുന്നതിനോ വിരോധമില്ല.(ഫത്‌ഹുല്‍ മുഈന്‍ 407, തുഹ്‌ഫ 8/255,56,57)
താമസം
ഭര്‍തൃ വിയോഗം മൂലമോ, മൊഴിമൂന്നും ചൊല്ലിയതിനാലോ, ഫസ്‌ഖിനാലോ ഇദ്ദ ആചരിക്കുന്നവള്‍ ഇദ്ദ തീരുന്നത് വരെ, ഭര്‍തൃ മരണമോ മൊഴിചൊല്ലലോ നടക്കുമ്പോള്‍ അവള്‍ ഉണ്ടായിരുന്ന വീട്ടിലാണ് താമ സിക്കേണ്ടത്. ഭര്‍ത്താവിനോ മറ്റോ അവളെ ഇറക്കി വിടാന്‍ അധികാരമില്ല. (തുഹ്‌ഫ) ഈ അവസരത്തില്‍ ഭക്ഷണം വാങ്ങുക, വിറകുണ്ടാക്കുക, നൂല്‍ നൂറ്റത് വില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പകല്‍ പുറത്ത് പോവാം രാത്രി പറ്റില്ല. രാത്രിയുടെ തുടക്കത്തിലായാലും പറ്റില്ല. നൂല്‍ നൂല്‍ക്കാനും സംസാരിക്കാനും മറ്റും രാത്രി അയല്‍ പക്കത്തേക്ക് പോകല്‍ അനുവദനീയമാണ്. പക്ഷെ സാധാരണയില്‍ കൂടുതല്‍ സമയമെടുക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. മാത്രമല്ല നേരമ്പോക്കിനും വര്‍ത്തമാനത്തിനും അവളുടെ വീട്ടില്‍ ആളില്ലാതിരിക്കുമ്പോഴാണിത്. അവള്‍ മടങ്ങിവന്ന് വീട്ടില്‍ തന്നെ അന്തിയുറങ്ങല്‍ നിര്‍ബന്ധമാണ്. (തുഹ്‌ഫ 8/261,62) ഇദ്ദയില്ലാത്തപ്പോഴെന്ന പോലെ അന്യപുരുഷന്മാരുമായി ഇടകലരാനോ അവര്‍ കാണും വിധത്തില്‍ അവളുടെ ശരീരം വെളിപ്പെടുത്തുവാനോ പാടില്ല. അത്യാവശ്യമില്ലാതെ പുറത്തു പോകുന്നത് തെറ്റാണ്. പോകുമ്പോള്‍ മുഴുവനും മറച്ചിരിക്കണം. അന്യ പുരുഷന്മാര്‍ കാണുമെന്ന ധാരണയുണ്ടെങ്കില്‍ മുഖവും മുന്‍കൈയും കൂടി മറക്കല്‍ നിര്‍ബന്ധമാണ്. (തുഹ്‌ഫ 7/193) അന്യ മതക്കാരായ സ്‌ത്രീകളെ കാണുന്നതിന് വിരോധമില്ല. ആര്‍ത്തവക്കാരിക്ക് കുളിച്ച ശേഷം കറ അവശേഷിക്കുന്ന ചായം കൈയിലിടുന്നത് അനുവദനീയമാണ് എന്നതില്‍ പണ്‌ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്ന് ഇമാം ഇബ്‌നു ജരീര്‍ (റ) പറഞ്ഞിരിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ ഇദ്ദ അനുഷ്‌ഠിക്കുന്നവള്‍ മൈലാഞ്ചിയിടല്‍ നിഷിദ്ധമാണ്. (ശറഹുല്‍ മുഹദ്ദബ് 20-39)
ഇദ്ദയുടെ നിയമങ്ങള്‍
ഇദ്ദ രണ്ടുവിധമാണ്: ഒന്ന് ഭര്‍ത്താവിന്റെ മരണം കാരണം നിര്‍ബന്ധമാകുന്ന കാത്തിരിപ്പ് (ദീക്ഷാ) സമയം.
മറ്റൊന്ന് വിവാഹ മോചനം കാരണമായി നിര്‍ബന്ധമാകുന്നത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് കൊണ്ട് ഇദ്ദ കഴിയും; ഗര്‍ഭിണിയല്ലെങ്കില്‍ നാല് മാസവും പത്ത് ദിവസവുമാകണം. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ മേല്‍പറഞ്ഞതുപോലെ പ്രസവത്തോടുകൂടി ഇദ്ദ കഴിയുന്നതണ്. ഗര്‍ഭിണിയല്ലെങ്കില്‍ ആര്‍ത്തവം പതിവുള്ളവളാണെങ്കില്‍ ത്വലാഖ് മുതല്‍ മൂന്ന് ശുദ്ധിയാണ് അവളുടെ ഇദ്ദയുടെ കാലാവധി. ശുദ്ധിയില്‍ ത്വലാഖ് ചൊല്ലിയാല്‍ ആ ശുദ്ധിയെ ഒന്നായി പരിഗണിക്കുന്നതുകൊണ്ട് മൂന്നാമത്തെ ആര്‍ത്തവം ആരംഭിക്കുന്നതുകൊണ്ട് ഇദ്ദ കഴിയുന്നതാണ്.
ശുദ്ധിയിലല്ലെങ്കില്‍ (ആര്‍ത്തവ ഘട്ടത്തിലാണെങ്കില്‍) നാലാമത്തെ ആര്‍ത്തവത്തില്‍ പ്രവേശിക്കുന്നതു കൊണ്ടേ ഇദ്ദ കഴിയൂ. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ ആര്‍ത്തവമുണ്ടാകാത്ത ബാലികയോ ആര്‍ത്തവമുണ്ടാകയില്ലെന്ന് ആശമുറിഞ്ഞവളോ ആണെങ്കില്‍ (ചാന്ദ്രമാസ പ്രകാരം) മൂന്ന് മാസമാണ് അവളുടെ ഇദ്ദയുടെ കാലം. ശാരീരിക ബന്ധത്തിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്ക് ഇദ്ദയില്ല.
മേല്‍ പറഞ്ഞത് സ്വതന്ത്ര സ്ത്രീയുടെ ഇദ്ദയാണ്. അടിമസ്ത്രീയുടെ ഇദ്ദ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവത്തോട് കൂടി അവസാനിക്കും. ഗര്‍ഭമില്ലാത്തവളും ആര്‍ത്തവമുള്ളവളുമാണെങ്കില്‍ രണ്ട് ശുദ്ധികൊണ്ടാണവള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടത്. മാസം കൊണ്ടാണെങ്കില്‍ ഒന്നര മാസമാണ്. രണ്ട് മാസം പൂര്‍ത്തിയാകുന്നതാണ് നല്ലത്. മരണത്തിന്റെ ഇദ്ദ മാസം കൊണ്ടാകുമ്പോള്‍ രണ്ട് മാസവും അഞ്ച് ദിവസവുമാണ്.
ഇദ്ദയിരിക്കുന്നവള്‍
തിരിച്ചെടുക്കാവുന്ന നിലയില്‍ വിവാഹമോചനം ചെയ്യപ്പെട്ടവള്‍ക്ക് ഭക്ഷണം, വസ്ത്രം, വീട് എന്നിവയെല്ലാം കൊടുക്കല്‍ ഭര്‍ത്താവിന്ന് കടമയാണ്- തിരിച്ചെടുക്കാന്‍ പറ്റാത്ത നിലയില്‍ ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്ക് ഇദ്ദയില്‍ കഴിയുന്നകാലത്ത് പാര്‍പ്പിടം കൊടുക്കല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. എന്നാല്‍ അവള്‍ ഗര്‍ഭിണിയായിരുന്നാല്‍ പ്രസവിക്കുന്നതുവരെ ഭക്ഷണം കൊടുക്കല്‍ നിര്‍ബന്ധമാകുന്നു.
ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യ ഭംഗിയുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഉപേക്ഷിക്കണം. സുഗന്ധസാധനം ഉപയോഗിക്കുന്നതും വീടുവിട്ട് പുറത്തു പോകുന്നതും നിഷിദ്ധമാണ്. വീട്ടിനകത്ത് പെരുമാറുന്നതില്‍ കുറ്റമില്ല. (ഇപ്രകാരം നാല് മാസവും പത്ത് ദിവസവുമാണ് കഴിഞ്ഞുകൂടേണ്ടത്.) ഭര്‍ത്താവിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് വീടുവിട്ട് പുറത്ത് പോകാതെ ഇപ്രകാരം ഇരിക്കുക എന്നതാണ് നിര്‍ബന്ധമായത്. അന്യപുരുഷന്മാരെ കാണാതിരിക്കല്‍ എപ്പോഴും നിര്‍ബന്ധമായതാണല്ലോ.
😊😊😊
ഇദ്ദ
ഇദ്ദഃ എന്നാൽ പുനർവിവാഹം ചെയ്യാതെ കാത്തിരിക്കേണ്ട കാലമാണ്. മൂന്നു തരത്തിലാണ് ഇദ്ദ: ഉള്ളത് അവ...
(1) *ഭർത്താവ് മരണപെട്ട സ്ത്രീകൾ* നാലുമാസവും പത്തുദിവസവും ഇദ്ദഃ കാലമായി കഴിച്ചു കൂട്ടെണ്ടതാണ്.
അല്ലാഹു പറയുന്നു:
"നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്...." (ഖുർആൻ 2:234)
(2) *വിവാഹ മോചിതകൾ* ആർത്തവമുണ്ടാകാറുള്ള സ്‌ത്രീകൾ മൂന്നു മാസമുറക്കാലമാണ് ഇദ്ദ: ആചരിക്കേണ്ടത്. ആർത്തവം നിലച്ചുപോയ സ്ത്രീകളുടെ ഇദ്ദ: മൂന്നു മാസക്കാലമാണ്.
അല്ലാഹു പറയുന്നു:
"വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്നു മാസമുറകൾ ( കഴിയും വരെ ) കാത്തിരിക്കേണ്ടതാണ്. അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ തങ്ങളുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവർ ഒളിച്ചു വെക്കാൻ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാൻ അവരുടെ ഭർത്താക്കൻമാർ ഏറ്റവും അർഹതയുള്ളവരാകുന്നു; അവർ (ഭർത്താക്കൻമാർ) നിലപാട് നന്നാക്കിത്തീർക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ. സ്ത്രീകൾക്ക് (ഭർത്താക്കൻമാരോട്) ബാധ്യതകൾ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവർക്ക് അവകാശങ്ങൾ കിട്ടേണ്ടതുമുണ്ട്. എന്നാൽ പുരുഷൻമാർക്ക് അവരെക്കാൾ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. " (ഖുർആൻ 2:228)
"നിങ്ങളുടെ സ്ത്രീകളിൽ നിന്നും ആർത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവരുടെ ഇദ്ദഃയുടെ കാര്യത്തിൽ സംശയത്തിലാണെങ്കിൽ അത് മൂന്ന് മാസമാകുന്നു. ആർത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ...." (ഖുർആൻ 65:4)
(3) *ഗർഭിണികളുടെ ഇദ്ദ:* പ്രസവം വരെയാണ്.
അല്ലാഹു പറയുന്നു:
"....ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു ...." (ഖുർആൻ 65:4)
*ഇദ്ദ: കാലത്ത് എന്തെല്ലാം വിലക്കപ്പെടും*
ഭർത്താവ് മരിച്ചതിൻറെ പേരിൽ ദു:ഖമാചരിക്കുന്ന സ്‌ത്രീ കണ്ണിൽ സുറുമയിടരുതെന്നും വർണഭംഗിയുള്ള വസ്‌ത്രം ധരിക്കരുതെന്നും ശരീരത്തിൽ ചായം പൂശരുതെന്നും സുഗന്ധം പൂശരുതെന്നും നബി(സ) വിലക്കിയതായി പ്രബലമായ ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ഉമ്മുസലമ(റ) നിവേദനം: "ഒരു സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടു............. നാലുമാസവും പത്തുദിവസവും കഴിയുംവരെ സുറുമ ഉപയോഗിക്കുവാൻ പാടില്ല." (ബുഖാരി. 7. 63. 252)
"ഭർത്താവ് മരണപ്പെട്ട സ്ത്രീ, കുയുമ്പപ്പൂ ചായം മുക്കിയ വസ്ത്രമോ, കീറിപ്പറിഞ്ഞ വസ്ത്രമോ ധരിക്കരുത്. മുടിക്ക് നിറം നൽകുകയോ , സുറുമ ഇടുകയോ ചെയ്യരുത്." (നസാഈ: 3565 : ഹസ്സൻ)
ദുഃഖം പ്രകടിപ്പിക്കാൻ ഇദ്ദ: കാലത്ത് പ്രത്യേകമായി കറുത്തവസ്ത്രം ധരിക്കൽ പാടില്ലാത്തതാണ്. അത് ഇസ്‌ലാമിന് അന്യമായ ഒരു ആചാരമാണ്. ഇഷ്ട്ടമുള്ള നിറത്തിലെ വസ്ത്രം അവൾക്ക് ധരിക്കാം. അതുപോലെതന്നെ ഇദ്ദ: അനുഷ്ഠിക്കുന്ന സ്ത്രീ ഇരുട്ടുമുറിയിൽ തനിച്ചിരിക്കുന്നതും മുൻകാലങ്ങളിൽ കണ്ടിരുന്നു. എന്നാൽ അപ്രകാരം ചെയ്യാൻ ഇസ്‌ലാം നിർദേശിക്കുന്നില്ല. ഇദ്ദ:യ്ക്കുവേണ്ടി പ്രത്യേക മുറി തിരഞ്ഞെടുക്കാനും ഇസ്‌ലാം നിർദേശിക്കുന്നില്ല.
അലങ്കാരത്തിനായി ആഭരണങ്ങൾ അണിയുന്നതും ഇദ്ദ: കാലത്ത് ഒഴിവാക്കേണ്ടതാണ്. എന്നാൽ വാച്ച് പോലുള്ളവ ആഭരണത്തിൻറെ നിർവചനത്തിൽ ഉൾപ്പെടില്ല.
*എവിടെ ഇദ്ദ: ഇരിക്കണം*
ഭർത്താവ് മരിച്ച സ്ത്രീകൾ കഴിവതും ഭർത്താവിൻറെ വീട്ടിൽ തന്നെയാണ് ഇദ്ദ:യിൽ കഴിച്ച് കൂട്ടേണ്ടത്. ( _ഉമർ, ഉസ്മാൻ, ഇബിനു ഉമർ, ഇബിനു മസൂദ്, -റ- എന്നീ സ്വഹാബിമാരിൽ നിന്നും മാലിക്, അബൂഹനീഫ, ശാഫീഈ എന്നീ പണ്ഡിതന്മാരിൽ നിന്നും ഈ അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു._ ) അല്ലെങ്കിൽ അവളുടെ സ്വന്തം വീട്ടിൽ ഇദ്ദ: ഇരിക്കാം. ജീവിത ആവശ്യങ്ങൾക്കായി പകൽ പുറത്തുപോകുന്നതിന് അവൾക്ക് വിരോധമില്ല. എന്നാൽ രാത്രി വീട്ടിൽ തന്നെ ഉണ്ടാകേണ്ടതാണ്.
സ്ത്രീക്ക് അവൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇദ്ദ: ഇരിക്കാം എന്ന അഭിപ്രായവും പണ്ഡിതലോകത്തുണ്ട്. ഇരുന്നൂറിൽ അധികം സ്വഹാബിമാരെ കണ്ട അത്വാഅ" -റ- പറയുന്നു: "ഭർത്താവ് മരിച്ച സ്ത്രീ എവിടെ ഇദ്ദ: ഇരുന്നാലും കുഴപ്പമില്ല" (ബൈഹഖി, അബ്ദുറസാഖ്)
ഇബിനു അബ്ബാസ് -റ- പറയുന്നു: "വിധവ നാലുമാസവും പത്ത് ദിവസവും ഇദ്ദ അനുഷ്‌ഠിക്കണമെന്നു മാത്രമാണ് അല്ലാഹു പറയുന്നത്. അവളുടെ വീട്ടിൽ എന്ന് പറയുന്നില്ല. അതിനാൽ അവൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇദ്ദ: അനുഷ്ഠിക്കാം." (ബൈഹഖി, മുസന്നഫ്)
*ഇളവുകൾ*
അന്യപുരുഷന്മാരെയോ അമുസ്‌ലിം സ്‌ത്രീകളെയോ കാണാൻ പാടില്ല എന്ന കർശനമായ വിലക്ക് ഖുർആനിലോ പ്രബലമായ ഹദീസുകളിലോ കാണുന്നില്ല.
ഭർത്താവ് മരണപെട്ട അവസ്ഥയിലെ ഇദ്ദ:യിൽ പോലും സ്ത്രീക് പകൽ സമയത്ത് പോലും പുറത്തുപോകാം അന്ന അഭിപ്രായം ഇമാം മാലിക്, സൗരി, ലൈസ്, ശാഫിഈ, അഹമ്മദ് , അബൂ ഹനീഫ എന്നിവർക്കുണ്ടെന്നു ഇമാം നവവി എഴുതുന്നു. (ശറഹ് മുസ്ലിം : 10-108)
ഭർത്താവ് മരണപെട്ട ഇദ്ദ: യിൽ ഉള്ള സ്ത്രീക്ക് പുറത്ത് പോകാം എന്ന് ഫത് ഹുൽമുഈൻ, മിൻഹാജ്, പോലുള്ള ഫിഖ്‌ഹീ ഗ്രന്ഥങ്ങൾ പറയുന്നു.
പകൽ സമയത്ത് ചികിത്സയ്ക്കായി പുറത്തുപോകുന്നത്, കോടതിയിൽ പോകുന്നത്, പരീക്ഷയ്ക്ക് പോകുന്നത്, നടന്നുവരുന്ന പഠനം തുടരുന്നത്, മറ്റാരും ഇല്ലാത്ത പക്ഷം കടയിൽ പോകുന്നത് എല്ലാം സൗദിയിലെ സലഫി പണ്ഡിതന്മാരും അനുവദനീയമായി കാണുന്നു.
*ഇദ്ദ: കാലത്ത് ഹജ്ജിനു പോകുന്നതിൻറെ വിധി*
പണ്ഡിതന്മാർ ഈ വിഷയത്തിൽ ഭിന്നിച്ചിരിക്കുന്നു. ഒരു കാഴ്ചപ്പാട് ഇതാണ്.
ഇബിനു ഖുദാമ , മുഗ്നിയിൽ എഴുതുന്നു :(11/303-305) "ഭർത്താവ് മരണപെട്ട ഇദ്ദ: അനുഷ്ഠിക്കുന്ന സ്ത്രീക്ക് ഹജ്ജിനോ മറ്റേതെങ്കിലും കാര്യത്തിനോ പുറത്തുപോകുവാൻ അവകാശമില്ല. ഉമറിൽ നിന്നും ഉസ്മാനിൽ നിന്നും -റ- ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു. സഈദ് ബിൻ അൽ മുസയ്യിബ് , അൽ ഖാസിം, മാലിക് , ഷാഫിഈ, അബൂ ഉബൈദ്, ആസ്ഹാബുൽ റയ്യ് (ഇമാം അബൂഹനീഫയുടെ ആളുകൾ), സൗരി എന്നിവരുടെ കാഴ്ച്ചപ്പാടും ഇതാണ്."
മറ്റൊരു കാഴ്ചപ്പാട് അവർക്ക് ഹജ്ജിനും ഉംറയ്‌ക്കും പോകാം എന്നതാണ്. കൂടുതൽ യുക്തമായ അഭിപ്രായവും അതുതന്നെയായിട്ടാണ് മനസ്സിലാകുന്നത്. ഫർള്വായ ഹജ്ജിൻറെ കാര്യത്തിൽ പ്രത്യേകിച്ച്. ഇവരുടെ തെളിവുകൾ.
1. അത്വാഅ് -റ- പറയുന്നു: "ആയിഷ -റ- അവരുടെ സഹോദരി ഉമ്മു കുൽസൂമിനെ അവളുടെ ഭർത്താവ് ത്വൽഹ -റ- വധിക്കപെട്ടപ്പോൾ അവളുടെ ഇദ്ധയിൽ ഹജ്ജിനോ, ഉംറയ്‌ക്കോ കൊണ്ടുപോവുകയുണ്ടായി." (ബൈഹഖി, അബ്ദുറസാഖ്) (ഈ ഹദീസിന്റെ പരമ്പര പ്രബലമാണ്)
2. "വിധവകൾ ഇദ്ദ: അനുഷ്ഠിക്കുന്ന സന്ദർഭത്തിൽ അവരെയും കൊണ്ട് അലി -റ- യാത്ര ചെയ്യാറുണ്ടായിരുന്നു." (ബൈഹഖി)
3.ത്വാഊസും അത്വാഉം -റ- പറയുന്നു: "വിധവയ്ക്ക് ഇദ്ദയിൽ ഹജ്ജും ഉംറയും ചെയ്യാം" (അബ്ദുറസാഖ്)
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ whatsapp GROUP no . 00919746695894
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍
No comments:
Post a Comment