ഇമാം മഹ്ദി (റ) യുടെ വരവ്

.  ഇമാം മഹ്ദി(റ)യുടെ വരവ്  pdf


ഹിജ്റയുടെ പതിനൊന്നാം വര്‍ഷം റബിഉല്‍ അവ്വല്‍ മാസം നബി തങ്ങള്‍ രോഗശയ്യയിലാണ് . തങ്ങളുടെ എല്ലാമെല്ലാമായ നേതാവിനെ കാണാന്‍ സ്വഹാബികള്‍ നബി തങ്ങളുടെ അടുക്കലേക്ക് ചെന്നു .

ദുഃഖം തളം കെട്ടി കിടക്കുന്ന അന്തരീക്ഷം . ആരും ഒന്നും മിണ്ടുന്നില്ല . എങ്ങും കനത്ത നിശ്ലബ്ദത . പലരും കണ്ണുനീര്‍ വാര്‍ക്കുന്നു .ചിലര്‍ ദുഃഖം കടിച്ചിറക്കാന്‍ പാടുപെടുന്നു .അതിനിടയിലാണ് ഫാത്വിമ ബീവി കടന്ന് വന്നത് .ബീവിയുടെ മുഖം വിവര്‍ണമാണ് .മഹതി നേരെ ഉപ്പാന്‍റടുക്കലേക്ക് വന്നിരുന്നു .കണണുകളില്‍ നിന്ന് അശ്രുകണങ്ങള്‍ കവിളിലൂടെ ചാലിട്ടൊഴുകി . നബി തങ്ങള്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ ഫാത്വിമ ബീവി കരയുകയാണ് .

അവിടന്ന് ചോദിച്ചു : ഫാത്വിമാ!എന്തിനാണ് കരയുന്നത് ?

അങ്ങേയ്ക്ക് ശേഷം എനിക്കാരാണുളളത് ?

നബി (സ) സമാധാനിപ്പിച്ചു : മോളേ , ഫാത്വിമാ . . . നീ എന്തിന് കരയണം ? ഓര്‍ത്ത് നോക്കിയാല്‍ വലിയ ഭാഗ്യവതിയല്ലേ നീ ? നബിമാരുടെ നേതാവ് അന്ത്യപ്രവാചകന്‍ നിന്‍റെ ഉപ്പയാണ് . അളളാഹുവിന്‍റെ സ്നേഹം കരഗതമാക്കിയ വ്യക്തിയാണ് നിന്‍റെ ഭര്‍ത്താവ് അലി(റ) . സ്വര്‍ഗീയ യുവാക്കളുടെ നേതാക്കളാണ് നിന്‍റെ രണ്ട് മക്കള്‍ ഹസന്‍ ,ഹുസൈന്‍ (റ) എന്നിവര്‍ . എല്ലാറ്റിനും പുറമേ മോളേ ! ഫാത്വിമാ ലോകം അവസാനിക്കാറാകുമ്പോള്‍ , ലോകത്ത് അനീതിയും അരാചകത്വവും കുഴപ്പങ്ങളും അരങ്ങ് തകര്‍ക്കുമ്പോള്‍ , എല്ലാ കുഴപ്പങ്ങളും അമര്‍ച്ച ചെയ്ത് ലോകത്തെ സമാധാന തീരത്തേക്ക് നയിക്കാനും അധര്‍മത്തിന്‍റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി ഭൂമിയില്‍ നീതി പൂര്‍വമായ ഭരണം നടത്താനും ഓരാള്‍ വരാനിരിക്കുന്നു . നിന്‍റെ സന്താന പരമ്പരയിലായിരിക്കും അദ്ധേഹം ജന്മമെടുക്കുക .

തിരുനബി (സ) തങ്ങള്‍ പ്രിയ പുത്രി ഫാത്വിമ ബീവിയോട് സന്തോഷവാര്‍ത്തയറിയിച്ച , അവസാന കാലത്ത് വരാനിരിക്കുന്ന ,സയ്യിദ് കുടുംബാംഗമായ മഹാനാണ് ഇമാം മഹ്ദി (റ)

മഹ്ദി ഇമാമിന്‍റെ യഥാര്‍ത്ഥ പേര് മുഹമ്മദ് എന്നും . പിതാവിന്‍റെ പേര് അബ്ദുളള എന്നുമായിരിക്കും .

ഇമാമിന് മഹ്ദി എന്ന പേര് പറയപ്പെടുന്നതിന് ഒന്നിലധികം വിശദീകരണങ്ങള്‍ പറഞ്ഞിട്ടുണ്ട് . സത്യമാര്‍ഗം കണ്ടെത്തിയ വ്യക്തി , സന്മാര്‍ഗത്തിന് കാരണക്കാരനായി വര്‍ത്തിക്കുന്നവന്‍ , മാര്‍ഗ നിര്‍ദേശം ലഭിക്കപ്പെട്ടയാള്‍ എന്നൊക്കെയാണ് മഹ്ദി എന്ന അറബി പദത്തിനര്‍ത്ഥം .

ഖതാദ (റ) നിവേദനം .

ഒരിക്കല്‍ ഞാന്‍ എന്‍റെ ഗുരുവര്യനും പ്രമുഖ താബിഈ പണ്ഡിതനുമായ ഹസ്റത്ത് സ ഈദുബ്നുല്‍മുസയ്യബ് (റ) വിനോട് ചോദിച്ചു .

മഹ്ദി സത്യമാണോ ?

അതെ സത്യമാണ് .

ആരില്‍ നിന്നായിരിക്കും അദ്ധേഹം പ്രത്യക്ഷപ്പെടുക ?

ഖുറൈശില്‍ നിന്ന് .

ഖുറൈശികളിലെ ഏത് വംശത്തില്‍ നിന്നായിരിക്കും ?

ബനു ഹാശിമില്‍ നിന്ന് .

ബനു ഹാശിമില്‍ ആരുടെ
പരമ്പരയില്‍ ?

അബ്ദുല്‍ മുത്തലിബിന്‍റെ മക്കളില്‍ നിന്ന് .

അബ്ദുല്‍ മുത്തലിബിന്‍റെ ഏത് മക്കളില്‍ നിന്ന് ?

അലി (റ) വിന്‍റെയും ഫാത്വിമ ബീവിയുടെയും മക്കളില്‍ നിന്ന് .

ഫാത്വിമയുടെ ഏത് മക്കളില്‍ നിന്ന് ?

ഇനി ചോദ്യം നിര്‍ത്തുക . ഇപ്പോഴിത്രയും മതി .

ഫാത്വിമ ബീവിയുടെ മക്കളില്‍ ഹസന്‍ (റ) സന്താന പരമ്പരയിലായിരിക്കും ഇമാം മഹ്ദി പ്രത്യക്ഷപ്പെടുകയെന്നാണ് പ്രബലാഭിപ്രായം .

അശ്മശ് (റ) നിവേദനം : ഒരിക്കല്‍ അലി (റ) തന്‍റെ പുത്രനായ ഹസന്‍ (റ) വിനെ നോക്കി പറഞ്ഞു : എന്‍റെ ഈ പുത്രന്‍ നബി (സ) തങ്ങള്‍ പറഞ്ഞതുപോലെ നേതാവാണ് .ഇദ്ധേഹത്തിന്‍റെ മുതുകില്‍ നിന്ന് നബി തങ്ങളുടെ അതേ പേരുളള ഒരാള്‍ പിറക്കാനിരിക്കുന്നു . ഭൂതലം മുഴുവന്‍ നീതി നിറയ്ക്കാനായി നിയോഗിക്കപ്പെട്ട വ്യക്തിയാണദ്ധേഹം

തിരിച്ചറിയാനുളള അടയാളങ്ങള്‍ .

മഹ്ദി ഇമാം രംഗപ്രവേശം ചെയ്താല്‍ മഹാനെ തിരിച്ചറിയാനുളള നിരവധി അടയാളങ്ങളും ലക്ഷണങ്ങളും നബി (സ) തങ്ങള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട് .

സ്വഭാവത്തില്‍ നബി (സ) തങ്ങളോട് സാദ്യശ്യമുണ്ടാവും .എങ്കിലും രൂപത്തിലോ മുഖഃഛായയിലോ നബി തങ്ങളോട് സാദ്യശ്യമുണ്ടാകില്ലെന്നാണ് ഇമാം അബൂ ദാവൂദ് (റ) ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം .

നബി തങ്ങളോളം വരില്ലെങ്കിലും സുന്ദരനായ ചെറുപ്പകാരനായിട്ടാണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക . ശാന്തതയും ഗാംഭീര്യതയും ആ മുഖത്ത് നിന്ന് പ്രസരിക്കും .

ഹാരിസുബ്നു മുഗീറ (റ) പറയുന്നു : ഞാന്‍ അബ്ദിളളാഹ്ബ്നു ഹുസൈന്‍ (റ) വിനോട് ചോദിച്ചു .

മഹ്ദി ഇമാമിനെ തിരിച്ചറിയുന്നതെങ്ങനെയായിരിക്കും ?

ശാന്തതയും ഗാംഭീര്യവും കൊണ്ട് .

മറ്റെന്തെങ്കിലും അടയാളങ്ങളുണ്ടോ ?

ഉണ്ട് . ദീനിന്‍റെ വിധിവിലക്കുകള്‍ ക്യത്യമായി അറിയുന്ന നല്ലൊരു പണ്ഡിതനായിരിക്കും .ജനങ്ങളെല്ലാം അദ്ധേഹത്തെ ആശ്രയിക്കും . അദ്ധേഹമാകട്ടെ , ആരെയും ആശ്രയിക്കില്ല .

മഹ്ദി ഇമാമിന്‍റെ വിശേഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അലിയാര് തങ്ങള്‍ പറഞ്ഞതിങ്ങനെയാണ് .

ഒത്ത ഉയരമുളള സുന്ദരനായൊരു ചെറുപ്പക്കാരന്‍ , തലമുടി ചുമല്‍ വരെ എത്തിയിട്ടിട്ടുണ്ടാവും . മുഖത്ത് നിന്ന് വഴിഞ്ഞൊഴുകുന്ന പ്രകാശം താടി രോമങ്ങളുടെയും തലമുടിയുടെയും കടുത്ത കറുപ്പിനെ അതിജയിക്കും .

ചെറുപ്പകാരനായ മഹ്ദി ഇമാം നിയുക്തനായാല്‍ അദ്ധേഹത്തെ അംഗീകരിക്കാന്‍ ജനങ്ങളില്‍ ചിലര്‍ ആദ്യമാദ്യം വൈമനസ്യം കാണിക്കുന്നതാണ് . കാരണം ജനങ്ങള്‍ വിചാരിക്കുന്നത് മഹ്ദി ഇമാം ഒരു വയോവ്യദ്ധനെന്നായിരിക്കും .

തിളങ്ങുന്ന നക്ഷത്രം പോലെയായിരിക്കും ഇമാം മഹ്ദിയുടെ മുഖം . നബി തങ്ങള്‍ പറയുന്നു : എന്‍റെ സന്താന പരമ്പരയിലാണ് മഹ്ദി ഇമാം വരിക . അദ്ധേഹത്തിന്‍റെ മുഖം നക്ഷത്രം പോലെയായിരിക്കും (അബൂ നുഐം )

വിശാലമായ നെറ്റിത്തടം , ഉയര്‍ന്ന മൂക്ക് ,അറബികളുടേത് പോലെ വര്‍ണം , ഇസ്റാഈല്യരുടേത് പോലുളള ശരീര പ്രക്യതി . മുന്‍പല്ലുകള്‍ക്കിടയില്‍ അല്‍പം വിടവ് , ആ വിടവിനിടയിലൂടെ പ്രകാശം പൊഴിയുന്നതായി കാണാം . വില്ല് പോലെ വളഞ്ഞ നീണ്ട പുരികങ്ങള്‍ , പുരികങ്ങള്‍ക്കിടയില്‍ അല്‍പം അകലം , അഥവാ കൂട്ടു പുരികമല്ല .വിശാലമായ കണ്ണുകള്‍ , ഇടതൂര്‍ന്ന് നില്‍ക്കുന്ന ശക്തമായ കറുപ്പുളള താടിരോമങ്ങള്‍ . ഇരു കണ്ണുകളിലും സുറുമയിട്ടിരിക്കും . വലത്തെ കവിളില്‍ ഒരു കറുപ്പ് പുളളി .തടിച്ച വയര്‍ .മെലിഞ്ഞ മാംസമില്ലാത്ത തുടകള്‍, വലത് തുടയില്‍ ഒരു കറുത്ത അടയാളം , ചുമലില്‍ നബി തങ്ങളുടെ "ഖത് മുന്നുബുവ്വത്"മുദ്ര പോലെ ഒരടയാളമുണ്ടാവും . ഖത്വാന്‍ എന്ന ദേശത്ത് നിര്‍മിക്കുന്ന രണ്ട് കോട്ടുകള്‍ ധരിച്ചിട്ടുണ്ടാവും . ഇതൊക്കെയാണ് മഹ്ദി ഇമാമിന്‍റെ ശരീരപ്രക്യതിയെന്ന് ഹദീസുകള്‍ സൂചിപ്പിക്കുന്നു . ഇമാം മഹ്ദി മദീനയില്‍ ജനിക്കും ബൈത്തുല്‍മുഖദ്ധസിലേക്ക് ഹിജ്റ പോകും .

മഹ്ദി ഇമാം പ്രത്യക്ഷപ്പെടുന്നതെപ്പോള്‍ .

നബി (സ) തങ്ങള്‍ പറയുന്നു : എനിക്ക് ശേഷം ഭരണം നടത്തുക ഖലീഫമാരായിരിക്കും .പിന്നീട് അമീറുമാര്‍ രംഗത്ത് വരും .പിന്നീട് ധിക്കാരികളും അഹങ്കാരികളുമായ ഒരു പറ്റം രാജക്കന്മാര്‍ ഭരണം ഏറ്റെടുകും . അതെല്ലാം കഴിഞ്ഞ ശേഷം എന്‍റെ കുടുംബത്തില്‍ നിന്ന് ഇമാം മഹ്ദി പ്രത്യക്ഷപ്പെടും . (ത്വബ്റാനി)

ഇമാം ഇബ്നു ഉമര്‍ (റ)പറയുന്നു : നബി തങ്ങള്‍ പറഞ്ഞതായി ഞാന്‍ കേട്ടു . എന്‍റെ സന്താനങ്ങളില്‍ നിന്ന് ഇമാം മഹ്ദി പുറപ്പെടുന്നത് വരെ ലോകം അവസാനിക്കുകയില്ല . താന്‍ പ്രവാചകനാണെന്ന അവകാശ വാദമുന്നയിക്കുന്ന അറുപത് വ്യാജന്മാര്‍ രംഗത്ത് വന്ന ശേഷമല്ലാതെ ഇമാം മഹദി പ്രത്യക്ഷപ്പെടുകയുമില്ല .(ഹാഫിള് അബു നുഐം )

നബി തങ്ങള്‍ പറയുന്നു : അവസാനകാലത്ത് എന്‍റെ സമുദായത്തിന് ഭരണാധികാരികളില്‍ നിന്ന് ശക്തമായ വിപത്തുകള്‍ വന്ന് ഭവിക്കും . ഇത് വരെ ആരും കേള്‍ക്കുക പോലും ചെയ്യാത്ത കൊടിയ പരീക്ഷണത്തിന് മുസ്ലിംകള്‍ വിധേയരാകും . വിശാലമായ ഭൂമി വളരെ ഇടുങ്ങിയതായി അവര്‍ക്കന്ന് അനുഭവപ്പെടും . അക്രമികളില്‍ നിന്ന് വിശ്വാസികള്‍ക്ക് അഭയം നല്‍കാന്‍ ആ നാളുകളില്‍ ആരുമുണ്ടാവില്ല . അങ്ങനെയൊരു സാഹചര്യം വരുമ്പോഴാണ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുക . (ഹാകിം)

ശാമില്‍ നിന്നാണ് അന്ത്യനാളിലെ കുഴപ്പങ്ങളെല്ലാം പുറപ്പെടുക . സജ്ജനങ്ങള്‍ അന്ന് കഠിന പരീക്ഷണങ്ങള്‍ക്ക് വിധേയരാകും .പക്ഷേ , സ്വര്‍ണം അഗ്നിയിലിട്ട് ചൂടാക്കുന്നതുപോലെ അന്നവരുടെ വിശ്വാസത്തിന് മാറ്റ് വര്‍ദ്ധിക്കുകയാണ് ചെയ്യുക .

സ ഈദുബ്നുല്‍മുസയ്യബ് (റ) പറയുന്നു :അന്ത്യനാളെടുക്കുമ്പോള്‍ , ശാമില്‍ വലിയ കുഴപ്പങ്ങളുണ്ടാകും . കുട്ടിക്കളി പോലെയായിരിക്കും അതിന്‍റെ പ്രാരംഭം . പിന്നീടത് അതിവേഗം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കും . ഒരു സ്ഥലത്ത് കുഴപ്പം അടങ്ങുമ്പോഴേക്ക് മറ്റൊരു വശത്ത് കുഴപ്പങ്ങള്‍ പടര്‍ന്നുപിടിക്കും . അതങ്ങ് തീര്‍ന്ന് കിട്ടുകയില്ല , മഹ്ദി ഇമാം വന്ന ശേഷമല്ലാതെ !

മഹ്ദി ഇമാം പുറപ്പെടുന്നതിന്‍റെ മുന്നോടിയായി പറയപ്പെട്ട മൂന്ന് പ്രധാന സംഭവങ്ങള്‍ .

1 അബ്ബാസി ഖിലാഫത്ത് അവസാനിക്കുക .

2 സുഫ്യാനി പുറപ്പെടുക .

3 വലിയൊരു വിഭാഗമാളുകള്‍ മരുഭൂമിയില്‍ ആഴ്ത്തപ്പെടുക .

അബൂഖബീല്‍ (റ) നിവേദനം : അലി (റ) പറയുന്നു അബ്ബാസിന്‍റെ സന്താന പരമ്പരയില്‍ അധികാരമുളളിടത്തോളം കാലം ജനങ്ങള്‍ ക്ഷേമത്തിലും സന്തോഷത്തിലുമായിരിക്കും . അവരുടെ ഭരണം അവസാനിച്ചാലോ , പിന്നീട് മുസ്ലിംകള്‍ കുഴപ്പത്തിലാകും . ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നത് വരെ അത് തുടരുകയും ചെയ്യും . (കിതാബുല്‍ഫിതന്‍)

ഇമാം മഹ്ദിയുടെ ആഗമനത്തിന് തൊട്ടുമുമ്പായി തിരു നബി കുടുംബം കൊടിയ പീഡനങ്ങള്‍ക്ക് വിധേയരാവും . നബി കുടുംബത്തിലെ ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത കാലമായിരിക്കും അത് . അക്കാലത്താണ് നബി കുടുംബത്തിന്‍റെ രക്ഷകന്‍ കൂടിയായി ഇമാം മഹ്ദി രംഗത്തുവരിക

യതാർത്ഥ വിശ്വാസികളുടെ കൂട്ടത്തിൽ നമമളെ എല്ലാവരേയും ഉൾപെടുത്തട്ടെ ആമീൻ

No comments:

Post a Comment