​🌱🌹വിശുദ്ധ റംസാനും 101 മസ്അലകളും🌹🌱



🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 9746695894 - 9562658660
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

വിശുദ്ധ റമളാൻ 101 മസ്അലകൾ


രോഗവും യാത്രയും
സുഖപ്പെടുമെന്ന് പ്രതീക്ഷയുള്ള രോഗി സാധിക്കുമെങ്കിൽ നോമ്പെടുക്കണം. കഴിയില്ലെങ്കിൽ ഒഴിവാക്കാം. സുഖപ്പെട്ട ശേഷം ഖളാഅ് വീട്ടൽ നിർബന്ധവുമാണ്.
അനുവദനീയമായ ദീർഘയാത്രക്കാരന് വിട്ടുവീഴ്ചയുണ്ട്. ബുദ്ധിമുട്ടില്ലെങ്കിൽ നോമ്പെടുക്കലും ബുദ്ധിമുട്ടുണ്ടെങ്കിൽ നോമ്പ് ഉപേക്ഷിക്കലുമാണ് ഉത്തമം. ശരീരത്തിന്റെയോ അവയവത്തിന്റെയോ നാശം ഭയമുണ്ടെങ്കിൽ നോമ്പനുഷ്ഠിക്കുന്നത് ഹറാമാണ് (ബുജൈരിമി, കിതാബുസ്വിയാം).
നോമ്പ് ആരംഭിക്കുമ്പോൾ രോഗമില്ലെങ്കിൽ നിയ്യത്ത് ചെയ്യുകയും രോഗം തിരിച്ചുവന്നാൽ മുറിക്കുകയും ചെയ്യണം. എന്നാൽ തുടക്കത്തിൽതന്നെ രോഗമുണ്ടെങ്കിൽ നിയ്യത്ത് ഉപേക്ഷിക്കാം. പകലിൽ യാത്ര ആരംഭിക്കുന്നവൻ വ്രതമെടുക്കണം. പിന്നീട് യാത്രയിൽ വലിയ വിഷമമുണ്ടായാലല്ലാതെ നോമ്പു മുറിക്കാൻ പാടില്ല. പ്രഭാതത്തിനു മുമ്പുതന്നെ യാത്രയിലാണെങ്കിലാണ് നോമ്പിനു നിയ്യത്ത് ചെയ്യാതിരിക്കൽ അനുവദനീയമാകുന്നത്.
രോഗമോ യാത്രയോ ദീർഘിക്കുകയും ഖളാഅ് വീട്ടാൻ സൗകര്യപ്പെടുംമുമ്പ് മരണപ്പെടുകയും ചെയ്താൽ അവർക്ക് വീഴ്ച വന്നിട്ടില്ലാത്തതിനാൽ ഖളാഅ് വീട്ടിയോ മുദ്ദ് നൽകിയോ പരിഹാരം ചെയ്യേണ്ടതില്ല.
whatsapp no.9746695894 - 9562658660
വൃദ്ധരും സുഖപ്രതീക്ഷയില്ലാത്ത രോഗികളും

പ്രായാധിക്യം മൂലമോ സുഖപ്രതീക്ഷയില്ലാത്ത രോഗം മൂലമോ നോമ്പെടുക്കാൻ സാധിക്കാത്തവർക്ക് നോമ്പ് നിർബന്ധമില്ല. അവർ ഓരോ ദിവസത്തിനും ഓരോ മുദ്ദ് വീതം ഭക്ഷ്യധാന്യം നൽകുകയാണു വേണ്ടത്. അപ്രതീക്ഷിതമായി രോഗം സുഖപ്പെട്ടാൽ പോലും ഖളാഅ് വീട്ടൽ നിർബന്ധമില്ല (ബുജൈരിമി). എന്നാൽ മുദ്ദ് നൽകാൻ കഴിവില്ലാത്തവനാണെങ്കിൽ നൽകേണ്ടതില്ല (ശർഹുൽ മുഹദ്ദബ്).


ഗർഭിണിയും മുലയൂട്ടുന്നവളും


ഗർഭിണിയും മുലയൂട്ടുന്നവളും 
(പ്രതിഫലത്തിനോ സൗജന്യമായോ ആണെങ്കിലും) രോഗികൾക്കുണ്ടാകുന്നവിധം വിഷമം നോമ്പുകൊണ്ടു തങ്ങളുടെ ശരീരത്തിനുണ്ടാവുമെന്ന് ഭയപ്പെട്ടാൽ നോമ്പു മുറിക്കൽ നിർബന്ധമാണ്. പിന്നീട് ഖളാഅ് വീട്ടലും നിർബന്ധമാണ്. മുദ്ദ് നൽകേണ്ടതില്ല. സ്വന്തം ശരീരത്തിന്റെ പ്രയാസത്തോടൊപ്പം കുട്ടിക്കും പ്രയാസമുണ്ടാവുമെന്ന ഭീതിയുണ്ടെങ്കിലും ഇപ്രകാരം തന്നെ.

whatsapp no.9746695894 - 9562658660

ഖളാഅ് വീട്ടൽ നിർബന്ധമുള്ളവർ

1 - മുർതദ്ദ്: ദീനിൽനിന്ന് പുറത്തുപോയി വീണ്ടും തിരിച്ചുവന്നാൽ പുറത്തായിരുന്ന കാലത്തെ നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധം. ജന്മനാ അവിശ്വാസിയായിരുന്നവൻ ഇസ്‌ലാമിലേക്ക് വന്നാൽ ഖളാഅ് വീട്ടേണ്ടതില്ല. എന്നാൽ ഇസ്‌ലാമാശ്ലേഷണ ദിനത്തിലെ നോമ്പ് ഖളാഅ് വീട്ടൽ സുന്നത്തുണ്ട്.

2 - അതിക്രമമായി ഭ്രാന്തുണ്ടാക്കിയവൻ.

3 - ലഹരി ബാധിതനും ബോധക്ഷയം സംഭവിച്ചവനും. ഇത് അതിക്രമമായോ അല്ലാതെയോ പകൽ മുഴുവൻ സംഭവിച്ചാൽ ഖളാഅ് വീട്ടൽ നിർബന്ധം (തുഹ്ഫ). എന്നാൽ പകൽ മുഴുവൻ ഉറങ്ങിയതുകൊണ്ട് നോമ്പിന് കുഴപ്പമില്ല.

4 - ആർത്തവകാരിയും പ്രസവരക്തമുള്ളവളും. ഇവർക്ക് നോമ്പ് ഹറാം. പിന്നീട് ഖളാഅ് വീട്ടണം.

5 - ഗർഭിണിയും മുലയൂട്ടുന്നവളും: ഇവർ സ്വശരീരത്തിന്റെയോ മക്കളുടെയോ കാര്യത്തിൽ ഭയപ്പെട്ടു നോമ്പ് ഉപേക്ഷിച്ചതാണെങ്കിൽ ഖളാഅ് വീട്ടണം.

6 - പ്രഭാതത്തിനു ശേഷം നിയ്യത്തു ചെയ്യുകയോ നിയ്യത്ത് ചെയ്യാൻ മറക്കുകയോ ചെയ്തവൻ. 
ഈയവസ്ഥയിൽ നോമ്പ് അസാധുവാണ്.

7 - രാത്രിയാണെന്ന് കരുതി പ്രഭാതശേഷം ഭക്ഷണം കഴിച്ചവൻ. ഇവന്റെ നോമ്പ് അസാധു.

8 - രാത്രിയായിട്ടുണ്ടെന്ന ധാരണയിൽ ഭക്ഷണപാനീയം കഴിച്ചവൻ. എന്നാൽ കഴിച്ചതു പകൽ തന്നെയായിരുന്നെന്ന് പിന്നീട് ബോധ്യമായി (ബുജൈരിമി).

9 - ഈച്ചയോ മറ്റോ ഉള്ളിലേക്ക് കടന്നത് പുറത്തെടുത്തവൻ. ഇത് ഛർദ്ദിക്കുന്നതിനു തുല്യമാണ്. എന്നാൽ ഉള്ളിൽ കടന്ന ജീവി അവിടെ തങ്ങുന്നത് പ്രയാസമുണ്ടാക്കുമെങ്കിൽ പുറത്തെടുക്കാവുന്നതും, നോമ്പു ഖളാഅ് വീട്ടേണ്ടതുമാണ് (ബുജൈരിമി).

10 - ശാരീരിക ബന്ധം വഴി നോമ്പു മുറിച്ച ഭാര്യ-ഭർത്താക്കന്മാർ.

11 - യാത്രക്കാരനും സുഖപ്രതീക്ഷയുള്ള രോഗിയും.

12 - മനഃപൂർവം നോമ്പു മുറിച്ചവൻ.

13 - ശക്തമായ ദാഹമോ വിശപ്പോ കാരണം നാശം ഭയന്നു നോമ്പു മുറിച്ചവൻ (മുഗ്‌നി: 5/254).

14 - എന്തെങ്കിലും കാരണത്താൽ നോമ്പ് നഷ്ടപ്പെടുക. ഉദാ: സമ്പത്തു സംരക്ഷിക്കാൻ വെള്ളത്തിൽ ചാടുക.

whatsapp no.9746695894 - 9562658660

ഖളാഇനെ പിന്തിച്ചാൽ

കാരണം കൂടാതെ നഷ്ടപ്പെട്ട നോമ്പ് വേഗം ഖളാഅ് വീട്ടൽ നിർബന്ധം. റമളാനിൽ നഷ്ടപ്പെട്ട നോമ്പ്, അനുഷ്ഠിക്കാൻ സൗകര്യമുണ്ടായിട്ടും അടുത്ത റമളാൻ വരെ പിന്തിച്ചാൽ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും ഓരോ മുദ്ദ് ഭക്ഷ്യധാന്യം (800 മി.ലി.) വീതം നൽകൽ നിർബന്ധമാണ്. റമളാനുകൾ ആവർത്തിക്കുന്നതനുസരിച്ച് മുദ്ദിന്റെ എണ്ണവും കൂടിക്കൊണ്ടിരിക്കും. അടുത്ത റമളാൻ വരെ യാത്രയിൽ തന്നെയായിരിക്കുക, രോഗിയായിരിക്കുക, സ്ത്രീ ഗർഭിണിയോ മുലയൂട്ടുന്നവളോ ആയിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് പിന്തിയതെങ്കിൽ മുദ്ദ് നൽകേണ്ടതില്ല. അത്തരക്കാർക്ക് ഖളാഅ് വീട്ടാൻ സൗകര്യം ലഭിച്ചില്ല എന്നതുതന്നെ കാരണം. കാരണത്തോടെയോ അല്ലാതെയോ നഷ്ടപ്പെട്ട നോമ്പ് ഇക്കാര്യത്തിൽ വ്യത്യാസമില്ല. തനിക്ക് ഖളാഅ് വീട്ടാനുണ്ടെന്ന കാര്യം മറക്കുകയോ അടുത്ത റമളാൻ വരെ പിന്തിക്കുന്നത് ഹറാമാണെന്നറിയാതെയോ അടുത്ത റമളാൻ എത്തിയതാണെങ്കിൽ കുറ്റക്കാരനല്ല. മുദ്ദ് നൽകേണ്ടതുമില്ല.
മുദ്ദിനു പകരം നോമ്പെടുത്താൽ പറ്റില്ല. കാരണം, നോമ്പിനു പകരമായിട്ടല്ല മുദ്ദ് നൽകുന്നത്. മുദ്ദ് പിന്തിച്ചതിന്റെ പേരിൽ മുദ്ദ് വർധിക്കില്ല.
അടുത്ത റമളാൻ വളരെ ഖളാഇന് സൗകര്യപ്പെട്ടിട്ടും ഖളാഅ് വീട്ടാതെ മരണപ്പെട്ടവന്റെ അനന്തര സ്വത്തിൽനിന്ന് ഓരോ ദിവസത്തിനും ഈരണ്ട് മുദ്ദ് വീതം നൽകണം. ഒന്ന് നോമ്പ് നഷ്ടപ്പെടുത്തിയതിന്, മറ്റൊന്ന് പിന്തിച്ചതിന് (ബുജൈരിമി, മുഗ്‌നി). പിന്തിച്ചതിന്റെ പേരിൽ കുറ്റക്കാരനാണ്.
ഗർഭിണിയും മുലയൂട്ടുന്നവളും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഭയപ്പെട്ടു നോമ്പ് ഉപേക്ഷിച്ചതാണെങ്കിൽ ഖളാഅ് വീട്ടുന്നതിനു പുറമെ ഫിദ്‌യ (മുദ്ദ്) കൂടി നൽകൽ നിർബന്ധമാണ് (മുഗ്‌നി: 5/275).
ഇംസാക്ക് (സൂര്യാസ്തമനം വരെ നോമ്പു മുറിയുന്ന കാര്യങ്ങളൊന്നും ചെയ്യാതെ നോമ്പുകാരനെപ്പോലെ ആത്മസംയമനം പാലിക്കൽ).

whatsapp no.9746695894 - 9562658660

ഇംസാക്ക് നിർബന്ധമുള്ളവർ:

(1) അതിക്രമമായി നോമ്പ് മുറിച്ചവൻ.

 (2) രാത്രി നിയ്യത്ത് ചെയ്യാൻ മറന്നവൻ.

(3) സംശയ ദിവസം ഭക്ഷണം കഴിക്കുകയും എന്നാൽ പ്രസ്തുത ദിവസം റമളാനിൽ പെട്ടതാണെന്ന് വ്യക്തമാവുകയും ചെയ്തവൻ. (ഈ നോമ്പു പിന്നീട് ഖളാഅ് വീട്ടലും നിർബന്ധമാണ്.).

(4) മുർതദ്ദായ ശേഷം ഇസ്‌ലാമിലേക്ക് തിരിച്ചു വന്നവൻ. 

(5) സംശയ ദിവസം നോമ്പില്ലാതെ പ്രഭാതമായവൻ, റമളാനായ വിവരമറിഞ്ഞാൽ.
റമളാൻ നോമ്പിനു മാത്രമേ ഇംസാക്ക് ഉള്ളൂ. റമളാനിന്റെ ആദരവ് മാനിക്കാനാണിത്. സുന്നത്തു നോമ്പുകളിലോ മറ്റു നിർബന്ധ നോമ്പുകളിലോ റമളാൻ നോമ്പുതന്നെ മറ്റു സമയത്ത് ഖളാഅ് വീട്ടുമ്പോഴോ ഇംസാക്ക് ഇല്ല. മറ്റു നിർബന്ധ നോമ്പുകൾ നഷ്ടപ്പെടുത്തിയാൽ പ്രായശ്ചിത്തവും നിർബന്ധമില്ല (തുഹ്ഫ).

ഇംസാക്ക് സുന്നത്തുള്ളവർ

(1) പകൽ അസുഖം ഭേദപ്പെട്ട രോഗി
 (2) പകൽ സമയം യാത്ര അവസാനിച്ചവൻ. ഇവർ രണ്ടുപേരും നോമ്പു മുറിക്കുകയോ നിയ്യത്ത് ചെയ്യാതിരിക്കുകയോ ചെയ്ത സാഹചര്യത്തിൽ നോമ്പുകാരെപ്പോലെ സംയമനം പാലിക്കലും നോമ്പില്ലെന്ന കാര്യം മറച്ചുവെക്കലും സുന്നത്താണ്. എന്നാൽ നോമ്പുകാരായിരിക്കെ രോഗം സുഖപ്പെടുകയോ യാത്ര അവസാനിക്കുകയോ ചെയ്തതാണെങ്കിൽ നോമ്പ് പൂർത്തിയാക്കൽ നിർബന്ധമാകും (ഇആനത്ത്: 2/269).
 (3) പകൽ സമയം ശുദ്ധിയായ ആർത്തവകാരിയും പ്രസവരക്തമുള്ളവളും 
(4) നോമ്പ് അനുഷ്ഠിക്കാത്ത നിലയിൽ പ്രായം തികഞ്ഞ കുട്ടി. കുട്ടി നോമ്പുകാരനായിരിക്കെ പ്രായം തികഞ്ഞാൽ നോമ്പ് പൂർത്തിയാക്കൽ നിർബന്ധം. ഖളാഅ് വീട്ടേണ്ടതില്ല. മുറിച്ചാൽ ഇംസാക്ക് നിർബന്ധം. 
(5) ഭ്രാന്ത് സുഖപ്പെട്ടവൻ 
(6) പകൽ മുസ്‌ലിമായവൻ. ഇവർക്ക് മൂന്നുപേർക്കും ഖളാഅ് വീട്ടൽ സുന്നത്തുണ്ട്.

നോമ്പല്ലെങ്കിലും അന്ന പാനീയാദികള്‍ വര്‍ജിച്ച് നോമ്പുകാരനെപ്പോലെ കഴിയുന്നതിനാണ് ‘ഇംസാക്ക്’ എന്നു പറയുക.

കഫ്ഫാറത്ത്.

ശാരീരിക ബന്ധത്തിലേർപ്പെട്ട്, നോമ്പു നഷ്ടപ്പെടുത്തിയാൽ (ഗുദത്തിലാണെങ്കിൽപോലും) കഫ്ഫാറത്ത് നൽകലും ഖളാഅ് വീട്ടലും ഇംസാക്കും നിർബന്ധം. കഫ്ഫാറത്തിന് ചില നിബന്ധനകളുണ്ട്.

 (1) നൽകുന്നത് സംഭോഗം ചെയ്ത പുരുഷനായിരിക്കുക. സംഭോഗം ചെയ്യപ്പെട്ട സ്ത്രീയോ പുരുഷനോ കഫ്ഫാറത്ത് നൽകേണ്ടതില്ല. 
(2) സംഭോഗം നോമ്പ് നഷ്ടപ്പെടുത്തുന്നതായിരിക്കുക. നോമ്പാണെന്ന കാര്യം മറന്നവൻ, വിവരമില്ലാത്തവൻ, നിർബന്ധിക്കപ്പെട്ടവൻ എന്നിവരുടെ നോമ്പ് ബാത്വിലാവില്ല. കഫ്ഫാറത്തുമില്ല.
 (3) നഷ്ടപ്പെടുത്തുന്നതു നോമ്പായിരിക്കുക. 
(4) നഷ്ടപ്പെടുത്തുന്നതു സ്വന്തം നോമ്പായിരിക്കുക. അഥവാ നോമ്പുകാരിയായ ഭാര്യയുടെ നോമ്പാണ് മുറിച്ചതെങ്കിൽ കഫ്ഫാറത്ത് ഇല്ല. 
(5) നഷ്ടപ്പെടുത്തുന്നതു സംയോഗം കൊണ്ടു തന്നെയായിരിക്കുക.
 (6) സംഭോഗം കൊണ്ടു മാത്രമായിരിക്കുക നോമ്പു നഷ്ടപ്പെടുന്നത്. സംയോഗവും കൂടെ മറ്റൊരു കാര്യവും കൂടി ഉണ്ടെങ്കിൽ കഫ്ഫാറത്തില്ല. 
(7) പകൽ മുഴുവൻ നോമ്പെടുക്കാനർഹനായിരിക്കുക. ഭ്രാന്താവുകയോ സംഭോഗ ശേഷം പകൽ മരണപ്പടുകയോ ചെയ്താൽ കഫ്ഫാറത്ത് ഒഴിവാകും.
 (8)  റമളാനിലെ അദാആയ നോമ്പാണെന്ന് ഉറപ്പുണ്ടാവുക. നേർച്ച നോമ്പ്, ഖളാഅ് വീട്ടുന്ന നോമ്പ്, തന്റെ ഗവേഷണമനുസരിച്ച് അനുഷ്ഠിക്കുന്നതും റമളാനിൽ പെട്ടതാണെന്നുറപ്പില്ലാത്തതുമായ നോമ്പും ഒഴിവാകും.
 (9) സംയോഗം കൊണ്ട് കുറ്റക്കാരനാവുക. കുട്ടി കുറ്റക്കാരനല്ല.
 (10) നോമ്പു കാരണമായി കുറ്റക്കാരനാവുക. യാത്രക്കാരനായ നോമ്പുകാരനാണെങ്കിൽ കഫ്ഫാറത്തില്ല. 
(11) അവ്യക്തതയില്ലാതിരിക്കുക. രാത്രി ബാക്കിയുണ്ടെന്നു ധരിച്ചും, അല്ലെങ്കിൽ രാത്രിയാണെന്ന് സംശയിച്ചും, രാത്രി ആയിട്ടുണ്ടെന്ന് കരുതിയും ഭോഗിച്ചാൽ പകലായിരുന്നെന്ന് ബോധ്യപ്പെട്ടാലും കഫ്ഫാറത്ത് നിർബന്ധമില്ല. മറന്നുകൊണ്ട് ഭക്ഷണം കഴിക്കുകയും അതുകൊണ്ട് തന്റെ നോമ്പു മുറിഞ്ഞെന്ന് ധരിക്കുകയും ചെയ്ത വ്യക്തി മനഃപൂർവം സംഭോഗം ചെയ്താലും കഫ്ഫാറത്ത് നിർബന്ധമില്ല. ലിവാത്വ്, മൃഗഭോഗം എന്നിവയെല്ലാം സംയോഗത്തിന്റെ പരിധിയിൽ വരും (ബുജൈരിമി, സ്വിയാം).

ഒന്നിലധികം ദിവസങ്ങളിൽ സംയോഗം ചെയ്തു നോമ്പു നഷ്ടപ്പെടുത്തിയാൽ ദിവസങ്ങളുടെ എണ്ണമനുസരിച്ച് കഫ്ഫാറത്തും ഖളാഉം നിർബന്ധമാവും. ഒരുദിവസം പല തവണ ചെയ്തതുകൊണ്ട് ഒന്നു മാത്രമേ നിർബന്ധമാവുകയുള്ളൂ.

whatsapp no.9746695894 - 9562658660

കഫ്ഫാറത്ത് എന്ത്?

മൂന്നു കാര്യങ്ങളിലൊന്ന് ചെയ്യലാണ് കഫ്ഫാറത്ത്. 
(1) സത്യവിശ്വാസിയായ അടിമയെ മോചിപ്പിക്കുക 
(2) അതിനു സാധിക്കില്ലെങ്കിൽ തുടർച്ചയായി രണ്ടു മാസം നോമ്പെടുക്കുക. 
(3) സാധിക്കില്ലെങ്കിൽ അറുപത് സാധുക്കൾക്ക് ഓരോ മുദ്ദ് വീതം ഭക്ഷണം നൽകുക. ഇവയൊന്നും ചെയ്തില്ലെങ്കിൽ അതവന്റെ ഉത്തരവാദിത്വത്തിൽ സ്ഥിരപ്പെട്ടു നിൽക്കും.
നോമ്പിന്റെ തുടർച്ച മുറിഞ്ഞാൽ ആദ്യം മുതൽ തുടങ്ങണം. രോഗം, യാത്ര, നിയ്യത്ത്, മറവി എന്നീ കാരണങ്ങൾകൊണ്ട് നോമ്പ് ഇല്ലാതെയായാലും ശരി. ഭ്രാന്ത്, പെരുന്നാൾ തുടങ്ങി നോമ്പെടുക്കാൻ പറ്റാത്തതുകൊണ്ട് ക്രമം മുറിയുന്നത് കൊണ്ട് തകരാറില്ല.

മുദ്ദ് ആർക്ക്?

സകാത്തിന്റെ അവകാശികളായ ഫഖീർ, മിസ്‌കീൻ എന്നീ വിഭാഗത്തിൽ പെട്ടവർക്കാണ് മുദ്ദ് നൽകേണ്ടത്. അറുപത് സാധുക്കൾക്ക് തന്നെ നൽകണം. രണ്ട് കഫ്ഫാറത്തിന്റെ രണ്ട് മുദ്ദ് ഒരാൾക്ക് നൽകാം. താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കോ, അമുസ്‌ലിംകൾക്കോ ഹാശിമി മുത്തലിബികൾക്കോ നൽകരുത്.

നോമ്പിന്റെ ഫർളുകൾ

(1) നിയ്യത്ത് ചെയ്യുക. 
 نويت صوم غد عن أداء فرض رمضان هذه السنة لله تعالى
(ഈ കൊല്ലത്തെ അദാആയ, ഫർളായ റമളാനിൽ നിന്നുള്ള നാളത്തെ നോമ്പിനെ അല്ലാഹുവിനു വേണ്ടി നോറ്റുവീട്ടാൻ ഞാൻ കരുതി) എന്നതാണ് പൂർണമായ നിയ്യത്ത്.

നിയ്യത്ത് ചെയ്യുന്നത് രാത്രി തന്നെയായിരിക്കലും നിർണയിക്കലും നിർബന്ധം. സൂര്യനസ്തമിച്ചു പ്രഭാതമാകുന്നതിനു മുമ്പായി നിയ്യത്ത് ചെയ്യണം. നിയ്യത്ത് ചെയ്തത് പ്രഭാതത്തിനു മുമ്പാണോ അതോ ശേഷമോ എന്ന് സംശയിച്ചാൽ നോമ്പ് സാധുവല്ല. നിയ്യത്തിനു ശേഷം നോമ്പു മുറിയുന്ന കാര്യങ്ങളുണ്ടായതുകൊണ്ട് നിയ്യത്തിന് കുഴപ്പമില്ല. എന്നാൽ നിയ്യത്തിനെ മുറിച്ചുകളഞ്ഞാൽ പുതുക്കൽ നിർബന്ധമാണ്.

ആർത്തവകാരിയും നിഫാസുകാരിയും പ്രഭാതത്തിനു മുമ്പ് ശുദ്ധിയായാൽ കുളിച്ചില്ലെങ്കിലും നിയ്യത്ത് ചെയ്തു നോമ്പെടുക്കണം. മുഴുവൻ സമയ രോഗിക്ക് നിയ്യത്ത് ഒഴിവാക്കാം. എന്നാൽ ഇടവിട്ടുണ്ടാകുന്ന രോഗമാണെങ്കിൽ തുടക്ക സമയത്ത് രോഗമില്ലാത്തപക്ഷം നിയ്യത്ത് ചെയ്യുകയും മുറിക്കൽ ആവശ്യമാകുന്നവിധം രോഗം തിരിച്ചുവന്നാൽ മുറിക്കാവുന്നതുമാണ്.

യാത്രക്കാരൻ പ്രഭാതത്തിനു മുമ്പു തന്നെ യാത്ര ആരംഭിക്കണം. യാത്ര ചെയ്യുമെന്ന് കരുതി നിയ്യത്ത് ഉപേക്ഷിക്കരുത്. പകൽ സമയം ശക്തമായ വിഷമം അനുഭവപ്പെട്ടാൽ മാത്രമേ നോമ്പു മുറിക്കൽ അവർക്കനുവദനീയമാവുകയുള്ളൂ.

സുന്നത്തു നോമ്പിനു ഉച്ചക്കു മുമ്പ് നിയ്യത്ത് ചെയ്താൽ മതി. എന്നാൽ പ്രഭാതത്തിനു ശേഷം നോമ്പു മുറിയുന്ന കാര്യങ്ങളൊന്നും ഉണ്ടാവരുത് എന്ന നിബന്ധനയുണ്ട്.

(2) നോമ്പു മുറിയുന്ന കാര്യങ്ങൾ ഒഴിവാക്കൽ.

നോമ്പു മുറിയുന്ന കാര്യങ്ങൾ:

ലൈംഗിക ബന്ധത്തിലേർപ്പെടൽ, ഇന്ദ്രിയം സ്രവിപ്പിക്കൽ, ഉണ്ടാക്കി ഛർദ്ദിക്കൽ, തടിയുള്ള വല്ലതും ഉള്ളിലേക്ക് ചേരൽ എന്നിവകൊണ്ട് നോമ്പ് മുറിയും.

മനുഷ്യന്റെയോ മറ്റോ പിൻദ്വാരമാണെങ്കിലും സ്ഖലിച്ചാലും ഇല്ലെങ്കിലും നോമ്പ് മുറിയും. സ്വന്തം കൈകൊണ്ടോ ഭാര്യയുടെ കൈകൊണ്ടോ, അല്ലെങ്കിൽ മറകൂടാതെ തൊട്ടാൽ വുളൂ മുറിയുന്ന ഭാഗം സ്പർശിച്ചതുകൊണ്ടോ സ്ഖലനമുണ്ടായാൽ നോമ്പ് മുറിയും. സ്വപ്നസ്ഖലനം കൊണ്ട് നോമ്പ് മുറിയില്ല.

ചുംബനം

മറയോടുകൂടി ഭാര്യയെ ചുംബിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്തു. വികാരത്തോടെ ആവർത്തിച്ചു ചെയ്താലും മറ നേർമയായാലും നോമ്പ് മുറിയില്ല. സ്പർശനമുണ്ടായില്ല എന്നതാണു കാരണം. സ്ഖലനമുണ്ടാവണമെന്ന ഉദ്ദേശ്യത്തോടെയാണ് ആലിംഗനമെങ്കിൽ, സ്ഖലനമുണ്ടായാൽ നോമ്പ് മുറിയും.

സ്വാഭാവിക ഛർദ്ദി കൊണ്ട് നോമ്പിനു കുഴപ്പമില്ല. ഒരാൾ ഉള്ളിൽ നിന്നോ തലച്ചോറിൽ നിന്നോ കഫം വലിച്ചെടുക്കുകയും അത് തുപ്പിക്കളയുകയും ചെയ്താൽ നോമ്പ് മുറിയില്ല. എന്നാൽ കഫം സ്വയം ഇറങ്ങിവരികയും വായയുടെ ഉൾഭാഗത്തേക്കെത്തുകയും ചെയ്താൽ കഴിയുമെങ്കിൽ തുപ്പിക്കളയണം. സാധിച്ചിട്ടും തുപ്പാതിരിക്കുകയും ഉള്ളിലേക്ക് കടക്കുകയും ചെയ്താൽ നോമ്പ് മുറിയും.

കുളിയും വുളൂഉം

നോമ്പുകാരൻ മുങ്ങിക്കുളിക്കുന്നത് കറാഹത്താണ്. അതുകാരണം ചെവി, മൂക്ക്, വായ, ഗുദം തുടങ്ങിയവയിലൂടെ വെള്ളം ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് മുറിയും. നിർബന്ധ കുളിയാണെങ്കിലും ശരി.

ജനാബത്ത് കുളി, ആർത്തവ, നിഫാസ് കുളി തുടങ്ങിയ നിർബന്ധ കുളി മുങ്ങിയല്ലാതെ കുളിക്കുമ്പോൾ അവിചാരിതമായി വെള്ളം ഉള്ളിലെത്തിയാൽ നോമ്പ് മുറിയില്ല. ചെവി കഴുകുമ്പോൾ വെള്ളം ഉള്ളിലേക്ക് കടന്നാലും കുഴപ്പമില്ല. വെള്ളം കടക്കാതെ തല ചരിച്ചുപിടിച്ചു കുളിക്കാനും സ്വുബ്ഹിക്ക് മുമ്പ് കുളിക്കാനും സാധിക്കുമെങ്കിൽ നോമ്പിനു പ്രശ്‌നമില്ല. നജസായ വായ നന്നായി കഴുകിയപ്പോൾ വെള്ളം കടന്നുപോയാലും ഇപ്രകാരം തന്നെ. ഇങ്ങനെ ചെയ്യൽ നിർബന്ധമാണ് എന്നതാണു കാരണം.

നോമ്പുകാരൻ വുളൂഅ് ചെയ്യുമ്പോൾ വായിൽ കൊപ്ലിക്കുന്നതിലും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുന്നതിലും അമിതമാക്കേണ്ടതില്ലെന്നറിഞ്ഞുകൊണ്ട് അപ്രകാരം ചെയ്തു വെള്ളം ഉള്ളിലേക്ക് ചേർന്നാൽ നോമ്പ് മുറിയും. അമിതമാക്കാതെ യാദൃശ്ചികമായി വെള്ളം ചേർന്നാൽ നോമ്പ് മുറിയില്ല. സുന്നത്തു കുളിയോ തണുപ്പിക്കാനുള്ള കുളിയോ ആണെങ്കിൽ മുങ്ങാതെ കുളിച്ചു വെള്ളം ഉള്ളിൽ കടന്നാൽ പോലും നോമ്പ് മുറിയും.

വായ കൊപ്ലിച്ച ശേഷം വെള്ളം പൂർണമായും ഒഴിവാക്കിക്കളയുക എന്നതു പ്രയാസമാണ്. പരമാവധി തുപ്പിക്കളയാം. അതിനാൽ കൊപ്ലിച്ച ശേഷമുണ്ടാകുന്ന വെള്ളവുമായി കലർന്ന ഉമിനീർ ഇറക്കിയതുകൊണ്ട് നോമ്പ് മുറിയില്ല.

ഉമിനീരും സുറുമയും

സ്വന്തം ഉമിനീർ വിഴുങ്ങിയാൽ നോമ്പ് മുറിയില്ല. രക്തത്തോടോ ഭക്ഷണാവശിഷ്ടത്തോടോ കലർന്നതാണെങ്കിൽ നോമ്പ് മുറിയും. ഉമിനീർ പുറത്തെടുത്ത് വിഴുങ്ങുകയോ, മറ്റൊരാളുടോ ഉമിനീർ കുടിക്കുകയോ ചെയ്താൽ മുറിയും.

കണ്ണിൽനിന്ന് ഉള്ളിലേക്ക് തുറക്കപ്പെട്ട ദ്വാരമില്ലാത്തതിനാൽ സുറുമയിടുന്നതുകൊണ്ടും കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് കൊണ്ടും നോമ്പ് മുറിയില്ല. സുറുമയുടെ നിറം കഫത്തിൽ കണ്ടാലും മരുന്നിന്റെ രുചി വായിലനുഭവപ്പെട്ടാലും ശരി.

പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കാം. എന്നാൽ ഉമിനീരിനൊപ്പം പേസ്റ്റ് ഇറങ്ങിപ്പോവരുത്. പല്ലുതേപ്പ് ഏതുകൊണ്ടായാലും പകർച്ചയായ ഉമിനീരിറക്കിയാൽ നോമ്പ് മുറിയും.

എണ്ണയും മൂലക്കുരുവും

തലയിലോ ശരീരത്തിലെ എണ്ണയോ കുഴമ്പോ ഉപയോഗിച്ചാലും ഉള്ളിലേക്ക് കടക്കുമെന്ന ഉദ്ദേശ്യമില്ലാതെ വഴിയിലെ പൊടിയും ധാന്യത്തിലെ പൊടിയും ഉള്ളിലേക്ക് ചേർന്നാലും നോമ്പ് മുറിയില്ല. അവയിൽനിന്ന് രക്ഷ നേടുക പ്രയാസകരമായതാണ് കാരണം.

മൂലക്കുരു രോഗിയുടെ മൂലം പുറത്ത് വന്നത് സ്വയം മടങ്ങിയാലും വിരലുപയോഗിച്ച് ഉള്ളിലേക്കാക്കിയാലും നോമ്പ് മുറിയില്ല. ഇതൊരു നിർബന്ധ ഘട്ടമാണ് എന്നതാണു വിഷയം. ആവശ്യമെങ്കിൽ വിരലുകൾ ഉള്ളിൽ പ്രവേശിക്കുന്നതിനും വിരോധമില്ല. ആവശ്യമില്ലാതെ പ്രവേശിപ്പിച്ചതാണെങ്കിൽ നോമ്പ് മുറിയും.

സ്ഥൂല വസ്തു ഉള്ളിൽ കടന്നാലേ മുറിയുകയുള്ളൂ. രുചി തൊണ്ടയിലെത്തിയാൽ മുറിയില്ല.

സ്ത്രീ പാദമൂന്നിയിരിക്കുമ്പോൾ വെളിവാകുന്നതിനപ്പുറത്തേക്ക് വിരലോ മറ്റോ പ്രവേശിച്ചാൽ നോമ്പ് മുറിയും.


പല്ലിടയിലെ ഭക്ഷണം.

പല്ലുകൾക്കിടയിലുള്ള ഭക്ഷണാവശിഷ്ടങ്ങളിലൂടെ ബോധപൂർവമല്ലാതെ ഉമിനീർ നടന്നു, രണ്ടും വേർതിരിച്ചു തുപ്പാനാവാതെ വരികയും ചെയ്താൽ അതു വിഴുങ്ങുന്നതുകൊണ്ടു നോമ്പ് മുറിയില്ല. പുകവലി മൂലം നോമ്പ് മുറിയും.

നോമ്പിന്റെ സുന്നത്തുകൾ

(1) അസ്തമയം ഉറപ്പായാൽ നോമ്പ് മുറിക്കുക. 
(2) അത്താഴം പിന്തിക്കുക. 
(3) കളവ്, പരദൂഷണം, നമീമത്ത് തുടങ്ങിയ തിന്മയെ തൊട്ട് നാവിനെ സൂക്ഷിക്കുക. 
(4) ആഗ്രഹങ്ങളെത്തൊട്ട് ശരീരത്തെ സൂക്ഷിക്കുക.
 (5) നിഷിദ്ധ കാര്യങ്ങളെത്തൊട്ട് അവയവങ്ങളെ സൂക്ഷിക്കുക.
 (6) ഭക്ഷണം രുചിച്ചു നോക്കാതിരിക്കുക.
 (7) സ്വുബ്ഹിക്കു മുമ്പ് കുളി നിർവഹിക്കുക.
 (8) സ്വദഖ, ഖുർആൻ പാരായണം, ഇഅ്തികാഫ് തുടങ്ങിയ നന്മകൾ വർധിപ്പിക്കുക.
 (9) കാരണമില്ലാതെ ഉച്ചക്ക് ശേഷം മിസ്‌വാക്ക് ചെയ്യാതിരിക്കുക. 
(10) നോമ്പ് തുറപ്പിക്കുക.
 (11) നോമ്പ് തുറന്ന ഉടനെ
 اللهم لك صمت وعلى رزقك أفطرت
എന്നും വെള്ളം കൊണ്ടാണെങ്കിൽ
ذهب الظّمأ وابتلّت العروق وثبت الأجر إن شاء الله 
എന്നും ചൊല്ലുക. 
(12) ഈത്തപ്പഴം കൊണ്ടോ ഇല്ലെങ്കിൽ കാരക്ക കൊണ്ടോ ഇല്ലെങ്കിൽ വെള്ളം കൊണ്ടോ തുറക്കുക. കാരക്ക മൂന്നെണ്ണമായിരിക്കലും വെള്ളം മൂന്നിറക്കായിരിക്കലും സുന്നത്തുണ്ട്. 
(13) അത്താഴ സമയം സുഗന്ധം ഉപയോഗിക്കുക.

കറാഹത്തായ കാര്യങ്ങൾ

(1) കാരണം കൂടാതെ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുക. 
(2) വായിൽ വല്ലതുമിട്ട് ചവച്ചുകൊണ്ടിരിക്കുക. 
(3) പകൽ സുഗന്ധം ഉപയോഗിക്കുക. 
(4) വുളൂഇൽ വായിൽ വെള്ളം കൊപ്ലിക്കലും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റലും അമിതമാക്കുക.
 (5) വെള്ളത്തിൽ മുങ്ങുക.
 (6) ആവശ്യമില്ലാതെ ഭക്ഷണം രുചിക്കുക. 
(7) വികാരത്തോടെ ഭാര്യയെ സ്പർശിക്കുക.


ഇത് ആരെല്ലാം മറ്റുള്ളവരിലേക്ക് എതിച്ചുവോ അവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകെട്ടെ...”  آمـــــــــــــين


നിങ്ങളുടെ ദുആയില്‍ എന്നെയും കുടുംബത്തിനെയും ഉള്‍പ്പെടുത്തുവാന്‍ വസിയ്യത്തോടെ ...


വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീൻ

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

🌾المعرفة الاسلامية🌾
🌹ഇസ്ലാമീക വിജ്ഞാനം🌹
 whatsapp no 9746695894 - 9562658660
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

No comments:

Post a Comment